വനിത ശിശുവികസന വകുപ്പിലെ കാര്യാലയങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷം
മുക്കം: സംസ്ഥാന വനിത ശിശു വികസന വകുപ്പിലെ ജില്ലാതല ഓഫിസുകളും കീഴ് കാര്യാലയങ്ങളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയും ഭിന്നതയും രൂക്ഷം. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
കീഴ് ഓഫിസുകള്‍ തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നില്ലെന്ന പരാതികള്‍ നിരന്തരം വകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഡയരക്ടറേറ്റ് തലത്തില്‍ നടത്തിയ അന്വേഷണങ്ങളില്‍ പൊതുജനങ്ങള്‍ ഉന്നയിച്ചിട്ടുള്ള പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും അധികൃതര്‍ പറയുന്നു. മാത്രമല്ല ഇത്തരത്തില്‍ അനാരോഗ്യകരമായ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പല ജില്ലാതല ഓഫിസര്‍മാരും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും വനിതാ ശിശു വികസന ഡയരക്ടര്‍ വ്യക്തമാക്കുന്നു. ഈ പ്രവണത തടയുന്നതിനുവേണ്ടി വനിത ശിശു വികസന വകുപ്പ് കര്‍ശന നടപടികളുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്കായി സാമൂഹികനീതി വകുപ്പിന്റെ ഓഫിസുകള്‍ കയറിയിറങ്ങുന്ന ജനങ്ങള്‍ക്ക് ഇതുമൂലം വളരെയധികം പ്രയാസം നേരിടേണ്ടി വരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കീഴ് കാര്യാലയങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാത്തത് മൂലം വകുപ്പ് ആവിഷ്‌കരിക്കുന്ന പല പദ്ധതികളും ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ജില്ലാതല ഏകോപന ചുമതലയുള്ള ജില്ലാ സാമൂഹിക നീതി അല്ലെങ്കില്‍ വനിത ശിശു വികസന ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍മാര്‍ എന്നീ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ സ്വന്തം കാര്യാലയത്തിലെ ജീവനക്കാര്‍ക്കും മറ്റ് കീഴ് കാര്യാലയങ്ങളിലെ ജീവനക്കാര്‍ക്കും മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരസ്പര ബഹുമാനത്തോടെയും സഹകരണത്തോടെയും കൂടി പ്രവര്‍ത്തിക്കണമെന്നും കീഴ് കാര്യാലയങ്ങളുമായി സഹകരിച്ച് ജില്ലയിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യകരമായ സമീപനം ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പാലിക്കണമെന്നും ഇത് സംബന്ധമായി സംസ്ഥാനത്തെ മുഴുവന്‍ വനിത ശിശു വികസന വകുപ്പ് ജില്ലാതല ഓഫിസര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ വനിതാ ശിശു വികസന ഡയരക്ടര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."