തീരം കവര്‍ന്ന് വലിയപറമ്പില്‍ കടലാക്രമണം രൂക്ഷം
തൃക്കരിപ്പൂര്‍: കടലും കായലും ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപില്‍ കടലാക്രമണം രൂക്ഷം. ഏറ്റവും കൂടുതല്‍ തീരം കവര്‍ന്ന് കടലാക്രമണം നടക്കുന്നത് വലിയപറമ്പിന്റെ തെക്കന്‍ മേഖലയായ കന്നുവീട് കടപ്പുറത്താണ്.
ഇവിടെ തീരസംരക്ഷണത്തിനായി തീര വനം പദ്ധതിയില്‍ വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങളുടെ ഒരു നിര ഇന്നലെ കടലെടുത്തു. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കടലാക്രമണം രൂക്ഷമായത്. നാല്‍പ്പത് മീറ്ററോളം തീരം കടലെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ മുതലാണ് ശക്തമായ കടലാക്രമണം തുടങ്ങിയത്. അഞ്ചു വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ കടലാക്രമണം നടക്കുന്നതെന്ന് തീരദേശവാസികള്‍ പറഞ്ഞു.
അഞ്ചു വര്‍ഷം മുന്‍പ് ഉണ്ടായ കടലാക്രമണത്തില്‍ നൂറില്‍പ്പരം തെങ്ങുകള്‍ കടലെടുത്തിരുന്നു. തീരത്ത് യുവാക്കള്‍ ഫുട്‌ബോള്‍ കളിച്ചിരുന്ന സ്ഥലമാണ് ഇപ്പോള്‍ കടലെടുത്തത്.
മാറിമാറി വരുന്ന സര്‍ക്കാറുകള്‍ മലയോരത്തും മറ്റു മേഖലകളിലും കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ കടല്‍ തീരസംരക്ഷണത്തിന് തുഛമായ തുക മാത്രമാണ് ചെലവഴിക്കുന്നതെന്ന പരാതിയും കടലോര വാസികള്‍ക്കുണ്ട്.
തീരത്ത് നിന്നുള്ള മണലെടുപ്പ് കടലിന് കലിതുള്ളാന്‍ അവസരം ഉണ്ടാക്കിയതായി ആക്ഷേപവും പ്രദേശത്തുകാര്‍ ഉയര്‍ത്തുന്നുണ്ട്. നല്ല വീതിയുണ്ടായിരുന്ന തീരം ഓരോ വര്‍ഷവും കടലെടുത്ത് ഇല്ലാതാകുന്ന അവസ്ഥയാണ് കാണുന്നത്.
ചെറിയ പുലിമൂട്ടുകള്‍ ഇടക്കിടെ സ്ഥാപിച്ച് കടലാക്രമണത്തില്‍ നിന്നും തീരത്തേയും കടലിനെയും പുഴയെയും ആശ്രയിച്ച് കഴിയുന്ന കടലോര വാസികളെയും സംരക്ഷിക്കണമെന്നാണ് തീരദേശക്കാര്‍ക്ക് പറയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."