ഇരകളുടെ പേര് വെളിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാത്തതെന്തെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരകളുടെ പേരുവിവരങ്ങള്‍ പരസ്യമാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും എതിരേ എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് സുപ്രിംകോടതി.
ബലാല്‍സംഗ വാര്‍ത്തകളില്‍ ഇരകളെ തിരിച്ചറിയുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളെ കുറിച്ച് എന്തുകൊണ്ടാണ് നിങ്ങള്‍ പൊലിസിനെ അറിയിക്കാത്തതെന്നും മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെ നിരീക്ഷിക്കുന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ), ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍.എസ്.ബി.എ), പത്രാധിപരുടെ പൊതുകൂട്ടായ്മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ എന്നിവരോട് സുപ്രിംകോടതി ആരാഞ്ഞു.
ബിഹാറിലെ മുസഫര്‍പൂരിലെ അനാഥാലയത്തില്‍ പെണ്‍കുട്ടികളെ വ്യാപകമായി ലൈംഗികചൂഷണത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് മാധ്യമപ്രവര്‍ത്തക നിവേദിത ഝാ നല്‍കി ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ലൈംഗികാതിക്രമ വാര്‍ത്തകളില്‍ ഇരകളെ തിരിച്ചറിയുന്ന പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടര്‍മാര്‍ക്കും ചാനലുകള്‍ക്കുമെതിരേ നടപടി സ്വീകരിക്കാതിരുന്ന എന്‍.എസ്.ബി.എയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇത്തരക്കാരെ വിചാരണചെയ്യാത്തതെന്നും കോടതി ചോദിച്ചു. കേസില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എന്‍.എസ്.ബി.എ, എഡിറ്റേഴ്‌സ് ഗില്‍ഡ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ എന്നിവയ്ക്കു കോടതി നോട്ടിസയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം ബോധിപ്പിക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."