രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇസ്ലാമിനെ ചൂഷണംചെയ്യുന്നു: മുസ്ലിം വേള്‍ഡ് ലീഗ്
ജിദ്ദ: രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിന് ചില സംഘടനകള്‍ ഇസ്ലാമിനെ ചൂഷണം ചെയ്യുന്നതിനെതിരേ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ ഈസ മുന്നറിയിപ്പ് നല്കി. യുവാക്കളുടെ വികാരങ്ങള്‍ ഇളക്കിവിടുന്നതിനാണ് ഇത്തരം ഗ്രൂപ്പുകളും സംഘടനകളും ശ്രമിക്കുന്നത്.
ഇസ്ലാമിനും മുസ്ലിംകള്ക്കും വേണ്ടി പ്രതിരോധം തീര്‍ക്കുകയെന്ന പേരില്‍ ഉപദ്രവകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു.
ഭീകരതയുടെയും തീവ്രവാദത്തിന്റെയും ഉറവിടങ്ങള്‍ ഇല്ലാതാക്കണം. ഭീകരതക്ക് ആഹ്വാനം ചെയ്യുന്നവരെ ശക്തമായ തെളിവുകളുടെ പിന്‍ബലത്തോടെ നേരിടണം. വേദപുസ്തക വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും മതിയായ മതപരിജ്ഞാനമില്ലാത്ത ചില യുവാക്കളുടെ മനസുകളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കിയുമാണ് ഭീകരതയിലേക്ക് ക്ഷണിക്കുന്നവര് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഇത്തരക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ ചെറുത്തു തോല്പിക്കണം. ഇറ്റലിയിലെ റിമിനിയില്‍ 40ാമത് ജനസൗഹൃദ മീറ്റിംഗിനോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിബിഷനില്‍ റാബിത്വ പവലിയന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാം ഒരു ജീവിത വ്യവസ്ഥയാണ്. ചില തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകള്‍ ചെയ്യുന്നതുപോലെ ഇസ്ലാമിനെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ വൃത്തത്തിലേക്ക് പരിമിതപ്പെടുത്താനാകില്ല. മത, രാഷ്ട്രീയ, ആശയ തീവ്രവാദത്തിനും ഭീകരതക്കും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗവുമായി മാത്രം ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."