കരിപ്പൂര്‍: കേരളത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമേ കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കാനാവൂവെന്ന് കേന്ദ്രസര്‍ക്കാര്‍. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതരത്തില്‍ വികസനപ്രവര്‍ത്തനം നടത്താന്‍ ഭൂമി ഏറ്റെടുത്ത് നല്‍കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയെ അറിയിച്ചു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
റണ്‍വേ വികസനത്തിനും സമാന്തര ടാക്‌സി ട്രാക്ക് ഒരുക്കുന്നതിനും മറ്റുമായി 248.3 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭൂമി ലഭിച്ചാല്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്ന തരത്തില്‍ വിമാനത്താവളം വികസിപ്പിക്കാന്‍ കഴിയുമെന്നും കത്തിലുണ്ട്.
ഡി.ജി.സി.എയും എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായി ജനുവരി 9, 10 തിയതികളില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് നിലവിലുള്ള റണ്‍വേ അനുയോജ്യമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ 2,580 മീറ്ററാണ് കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയുടെ ദൂരപരിധി. ഇത് ഇ കോഡ് വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ ഇറക്കുന്നതിന് പര്യാപ്തമല്ല. റണ്‍വേയുടെ രണ്ടു തലയ്ക്കലുമുള്ള ആര്‍.ഇ.എസ്.എ 90*90 മീറ്റര്‍ മാത്രമാണ്.
എന്നാല്‍, ഡി.ജി.സി.എ നിഷ്‌ക്കര്‍ഷിക്കുന്നത് 240*90 മീറ്റര്‍ ആണ്. ഇതിനുപുറമെ റണ്‍വേ സ്ട്രിപ്പിന്റെ വീതി 15 മീറ്റര്‍ വേണ്ടിടത്ത് 75 മീറ്റര്‍ മാത്രമാണുള്ളത്. കോഡ് ഇ വിമാനങ്ങള്‍ ഇറങ്ങുന്നതിനാവശ്യമായ അപ്രോണ്‍ ടാക്‌സി ലൈനും റണ്‍വേ സെന്‍ട്രല്‍ ലൈനും തമ്മില്‍ ആവശ്യമായ വേര്‍തിരിവും വിമാനത്താവളത്തിലില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."