ചൈനീസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചു, ബി.ജെ.പി പ്രതിനിധി സംഘം ചൈനയിലെത്തി; ആറുദിവസം അവിടെ തങ്ങും
ബിജിങ്: ചൈനീ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) ക്ഷണം സ്വീകരിച്ച് 11 അംഗ ബി.ജെ.പി സംഘം ചൈനയിലെത്തി. ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ തലസ്ഥാനമായ ബീജിങ്ങിലെത്തിയത്. ചൈനീസ് പോളിറ്റ്ബ്യൂറോ അംഗം ഹോങ് കുന്‍മിങ്ങിന്റെ നേതൃത്വത്തിലുള്ള സി.പി.സി സംഘവുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ചനടത്തി. ബീജിംഗ്, ഗ്വാന്‍ഗ്‌സോ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും.
ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനു മുന്നോടിയായിട്ടാണ് ബി.ജെ.പി സംഘത്തിന്റെ ചൈനീസ് സന്ദര്‍ശനം. ഈ മാസമാദ്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈന സന്ദര്‍ശിക്കുകയുംചെയ്തിരുന്നു.
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയോട് ചൈനക്ക് യോജിപ്പില്ലായിരുന്നു. ഇത് നിലനില്‍ക്കെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേകക്ഷണം സ്വീകരിച്ച് ബി.ജെ.പി നേതാക്കള്‍ അവിടെയെത്തിയിരിക്കുന്നത്. ലഡാകിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതില്‍ ചൈന ആദ്യം തന്നെ പ്രശ്‌നം ഉയര്‍ത്തിയിരുന്നു. പ്രാദേശികമായ സമന്വയം ലംഘിക്കുമെന്ന് കാണിച്ചായിരുന്നു ചൈന വിഷയം ഉയര്‍ത്തിയത്. എന്നാല്‍, കശ്മീര്‍ വിഷയത്തില്‍ പിന്നീട് രാജ്യാന്തരതലത്തില്‍ ചൈന കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."