കേരളത്തില്‍ ഏറ്റവും കൂടൂതല്‍ പാറ പൊട്ടിച്ചത് കഴിഞ്ഞ വര്‍ഷം: ഖനനം ചെയ്തത് 3.53 കോടി ടണ്‍ പാറ, 1029 ക്വാറികള്‍ കൂടി ആരംഭിക്കാനുള്ള അപേക്ഷകള്‍ പരിഗണനയില്‍
തിരുവനന്തപുരം: ഉരുള്‍പൊട്ടലും അതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും നടന്ന് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴേക്കും പുതിയതായി ക്വാറികള്‍ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങി. 1029 ക്വാറികള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളാണ് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ പരിഗണനയിലുള്ളത്. ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തല്‍ അതോറിറ്റികള്‍ കൈമാറിയ 829 അപേക്ഷകളും സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തല്‍ അതോറിറ്റിക്ക് ലഭിച്ച അപേക്ഷകളും ഉള്‍പ്പെടെയാണ് ആയിരത്തിലധികം അപേക്ഷകള്‍ ഉള്ളത്.
2018 ഡിസംബര്‍ 11ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍, പാരിസ്ഥിതികാഘാതം വിലയിരുത്താനായി ജില്ലകളില്‍ രൂപീകരിച്ച അതോറിറ്റികള്‍ക്ക് ഖനനാനുമതി തേടിയുള്ള 2,506 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവ പിന്നീട് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തല്‍ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. ഇതില്‍ 829 അപേക്ഷകളാണ് പാറ ഖനനത്തിനായി ലഭിച്ചത്.
നൂറ്റാണ്ടിലെ പ്രളയത്തിനാണ് 2018ല്‍ കേരളം സാക്ഷ്യം വഹിച്ചതെങ്കിലും 2018-19ലായിരുന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാറപൊട്ടിക്കല്‍ നടന്നതെന്നാണ് മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്കുകള്‍. 3.53 കോടി ടണ്‍ പാറ ഈ കാലയളവില്‍ ഖനനം ചെയ്തു. ഇതിലൂടെ സര്‍ക്കാരിന് 171.28 കോടി ലഭിച്ചപ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12.7ശതമാനത്തിന്റെ വര്‍ധന ഉണ്ടായി.
0.5 ഹെക്ടര്‍ മാത്രം വിസ്തൃതിയുള്ള സ്ഥലങ്ങളുടെ കാര്യത്തില്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് 183 ക്വാറികള്‍ക്കും ഒരുവര്‍ഷ കാലാവധിയില്‍ 120 ക്വാറികള്‍ക്കും അനുമതി നല്‍കുകയുണ്ടായി. 12 വര്‍ഷക്കാലത്തേക്ക് 567 ക്വാറികള്‍ക്ക് പാട്ടക്കരാര്‍ പെര്‍മിറ്റ് പുതുക്കി നല്‍കുകയും ചെയ്തു. മലപ്പുറത്താണ്(89)പാട്ടക്കരാര്‍ പെര്‍മിറ്റില്‍ ഏറ്റവും കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളം(87),തിരുവനന്തപുരം(55), കോഴിക്കോട്(50) ജില്ലകളാണ് പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."