മാലമോഷണക്കേസില്‍ നിരപരാധിയുടെ അറസ്റ്റ്; ബാലാവകാശ കമ്മിഷന്‍ തെളിവെടുത്തു
കണ്ണൂര്‍: മാലമോഷണക്കേസില്‍ പിതാവിനെ പൊലിസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്ത് മാനസികാധിക്ഷേപം നടത്തിയെന്ന കുട്ടിയുടെ പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ തെളിവെടുത്തു.
പെരളശ്ശേരി ചോരക്കുളത്തെ മാലമോഷണക്കേസില്‍ ചക്കരക്കല്‍ പൊലിസ് അറസ്റ്റുചെയ്ത കതിരൂരിലെ താജുദീന്റെ രണ്ടാംക്ലാസുകാരിയായ മകളുടെ പരാതിയില്‍ കുട്ടിയില്‍ നിന്നും ഭാര്യ, താജുദീന്റെ സഹോദരങ്ങള്‍ എന്നിവരില്‍ നിന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് മൊഴിയെടുത്തത്. സംഭവത്തിനു ശേഷം സ്‌കൂളിലെത്തിയ താജുദീന്റെ മകനെ മോഷ്ടാവിന്റെ മകനെന്നു വിളിച്ച് സഹാപാഠികള്‍ മാനസിഘാതം ഉണ്ടാക്കിയെന്നും കമ്മിഷനു പരാതി ലഭിച്ചിരുന്നു.
താജുദീന്റെ അറസ്റ്റിനു പിന്നാലെ തൊണ്ടിമുതല്‍ കണ്ടെടുക്കാനെന്നു പറഞ്ഞു വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തിയും ആഘാതം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. താജുദീനു ജാമ്യം ലഭിച്ച ശേഷം കൗണ്‍സലിങ് നടത്തിയാണു കുട്ടി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നത്. സംഭവത്തില്‍ ചക്കരക്കല്‍ എസ്.ഐ പി. ബിജു ഉള്‍പ്പെടെയുള്ളവര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇവരെ നോട്ടിസ് നല്‍കി വിളിപ്പിക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം തനിക്കും കുടുംബത്തിനുമുണ്ടായ അപമാനത്തിന് ചക്കരക്കല്‍ എസ്.ഐക്കും പൊലിസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കുമെതിരെ നിയമപോരാട്ടം തുടരുമെന്നു താജുദീന്‍ പറഞ്ഞു. കേസിനു തെളിവായി പ്രതി സ്‌കൂട്ടറില്‍ സഞ്ചരിച്ച ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് നിരത്തിയിരുന്നു.
എന്നാല്‍ അതു താനല്ലെന്നു താജുദീന്‍ പറഞ്ഞിട്ടും പൊലിസ് വിശ്വസിച്ചില്ല. ശരീരവും തലമുടിയും താടിയുമെക്കെ അതുപോലെ തന്നെയുണ്ടെന്നും താജുദീന്‍, ദൃശ്യം സിനിമാ മാതൃകയില്‍ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ മാറ്റി കബളിപ്പിക്കുകയാണെന്നുമായിരുന്നു പൊലിസിന്റെ വാദം. കേസില്‍ 54 ദിവസമാണു താജുദീന്‍ ജയിലില്‍ കിടന്നത്.
ജാമ്യംനേടി പുറത്തിറങ്ങിയ ഉടനെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നു ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ താജുദീന്‍ നിരപരാധിയാണെന്നു തെളിഞ്ഞിരുന്നു.
മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ താജുദീനെ ഓഗസ്റ്റ് 11നാണ് ചക്കരക്കല്‍ പൊലിസ് അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."