നീറ്റ് പരീക്ഷാഫലം വൈകുന്നു; കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ 'നീറ്റ്' ഫലം അനിശ്ചിതത്വത്തിലായിരിക്കെ പരീക്ഷാനടത്തിപ്പുകാരായ സി.ബി.എസ്.ഇ സുപ്രിംകോടതിയെ സമീപിച്ചു.
പരീക്ഷാഫലം തടഞ്ഞുവച്ച മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കണമെന്നും വീണ്ടും പരീക്ഷനടത്തണമെന്ന ആവശ്യം തള്ളണമെന്നുമാണ് സി.ബി.എസ്.ഇയുടെ ആവശ്യം.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് തിങ്കാളാഴ്ച ഹരജി പരിഗണിക്കും. നീറ്റ് ഫലപ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ മെഡിക്കല്‍ പരീക്ഷയെഴുതിയ ലക്ഷണക്കക്കിനു വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാണെന്നും അതിനാല്‍ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നുമുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മീന്ദര്‍ സിങിന്റെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു.
നീറ്റ് വിഷയത്തില്‍ മദാസ് ഹൈക്കോടതിയിലുള്‍പ്പെടെയുള്ള ഹരജികള്‍ സുപ്രിംകോടതിയിലേക്കു മാറ്റണമെന്നും സി.ബി.എസ്.ഇ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും തിങ്കളാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കും.
കഴിഞ്ഞമാസം മാസം ഏഴിനു രാജ്യവ്യാപകമായി നടന്ന നീറ്റ് പരീക്ഷ 11.5 ലക്ഷം പേരാണ് എഴുതിയത്. നീറ്റ് സംബന്ധിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചതോടെ ഫലപ്രഖ്യാപനം അതിനു മുമ്പ് ഉണ്ടാവില്ലെന്ന് ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."