ചങ്ങരംകുളത്തെ മാലിന്യം, ഉപയോഗ ശൂന്യമായ പുതിയ ബസ് സ്റ്റാന്‍ഡ്: ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം വനിതാ മെമ്പര്‍മാര്‍ക്കും പരുക്ക്
ചങ്ങരംകുളം: ചങ്ങരംകുളത്തെ മാലിന്യം, ഉപയോഗ ശൂന്യമായ പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവയ്‌ക്കെതിരേ ഡി.വൈ.എഫ്.ഐ നടത്തിയ പഞ്ചായത്ത് മാര്‍ച്ചില്‍ അക്രമം അഴിച്ചുവിട്ടതായി ആരോപണം. ഇന്നലെ കാലത്ത് പതിനൊന്നരയോടെ ചങ്ങരംകുളത്ത് സ്ഥിതി ചെയ്യുന്ന ആലങ്കോട് പഞ്ചായത്ത് ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയിരുന്നു. ആലങ്കോട് പഞ്ചായത്ത് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി കെ.പി രാജന്‍ ആയിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മാര്‍ച്ചിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് അയിഷ ഹസനുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് പ്രശ്‌നം വഷളായത് . ചങ്ങരംകുളത്ത് നിലവില്‍ ഉള്ള മാലിന്യം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ആണ് ഉള്ളത്. വ്യക്തിക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കും. ആലങ്കോട് പഞ്ചായത്തിലെ മലിന്യം കൂടാതെ നന്നംമുക്ക് പഞ്ചായത്തിലേയും മാലിന്യം ഈ വ്യക്തിയുടെ പറമ്പിലാണ് നിക്ഷേപിക്കുന്നത്. അടുത്ത ബോര്‍ഡ് മീറ്റിങ്ങില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രസിഡന്റ് മറുപടി നല്‍കി.
എന്നാല്‍ ഇത് അംഗീകരിക്കാതെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ റൂമിലുള്ള മേശയും കസേരയും തകര്‍ക്കുകയും പഞ്ചായത്ത് അംഗങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്തു എന്നാണ് പഞ്ചായത്ത് ആരോപിക്കുന്നത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസന്‍, വൈസ് പ്രസിഡന്റ് ഇ.ആര്‍ ലിജേഷ്, എം.കെ അന്‍വര്‍, അലി പരുവിങ്ങല്‍, സുജിത സുനില്‍, സബിത അനില്‍ എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ പ്രസിഡന്റ് അടക്കം പഞ്ചായത്ത് അംഗങ്ങളെ അക്രമിച്ച നടപടിക്കെതിരേ യു.ഡി.എഫ് ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാത ഉപരോധിച്ചു. ഉപരോധത്തിന് അഷ്‌റഫ് കോക്കൂര്‍ , പി.പി യൂസഫലി , പി.ടി സുബ്രഹ്മണ്യന്‍ , സിദ്ധിഖ് പന്താവൂര്‍ , കെ.കെ ഹക്കീം, ഇ.ആര്‍ ലിജേഷ്, എം.കെ അന്‍വര്‍, ഇ. നൂറുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്നാല്‍ സമാധാന പരമായി ജനാതിപത്യ രീതിയില്‍ നടന്ന മര്‍ച്ചില്‍ യാതൊരു അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും പഞ്ചായത്ത് രാഷ്ട്രീയം കളിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരേ പഞ്ചായത്ത് പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."