ഇരയുടെ പേര് വെളിപ്പെടുത്തല്‍: നടപടിയുണ്ടാകണം
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരയുടെ പേരുവെളിപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ എന്തുകൊണ്ടാണു നടപടിയുണ്ടാവാത്തതെന്നു സുപ്രിംകോടതി ചോദിക്കുന്നു. ബലാത്സംഗ വാര്‍ത്തകളില്‍ ഇരകളെ തിരിച്ചറിയും വിധമുള്ള പരാമര്‍ശങ്ങള്‍ക്കെതിരേ എന്തുകൊണ്ടാണു പൊലിസില്‍ പരാതിപ്പെടാത്തതെന്നും കോടതി ചോദിക്കുന്നു.
ബിഹാറിലെ മുസഫര്‍പുര്‍ അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ വ്യാപകമായി ലൈംഗികചൂഷണത്തിനു വിധേയമാക്കപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തു മാധ്യമപ്രവര്‍ത്തക നിവേദിതാ ഝാ നല്‍കിയ ഹരജി പരഗണിക്കവേയാണു സുപ്രിംകോടതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി, എഡിറ്റേഴ്‌സ് ഗില്‍ഡ്, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ എന്നീ മാധ്യമരംഗത്തെ പ്രസ്ഥാനങ്ങളോട് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിലെ ഉദാസീനതക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയെ കോടതി അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
സുപ്രിംകോടതിയുടെ ചോദ്യങ്ങള്‍ പ്രസക്തമാണ്. 2012 ലെ നിര്‍ഭയസംഭവത്തെ തുടര്‍ന്നുണ്ടായ കേസിന്റെ പശ്ചാതലത്തിലാണ് ഇരയുടെ പേരുവിവരങ്ങളും പടങ്ങളും പ്രസിദ്ധീകരിക്കരുതെന്നു കോടതി കര്‍ക്കശമായി വിലക്കിയത്. എന്നിട്ടും കശ്മിരിലെ കത്‌വയില്‍ കൊച്ചുബാലിക കാപാലികരാല്‍ പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ ഈ ഉത്തരവു ലംഘിച്ചു. കത്‌വയിലെ പെണ്‍കുട്ടിയുടെ പടങ്ങളും പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിച്ചു.
കത്‌വ പെണ്‍കുട്ടിക്കുണ്ടായ ദുരന്തം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയത് കുട്ടിയുടെ ചിത്രവും പേരും വിവരങ്ങളും പുറത്തുവന്നതിനാലാണെന്ന കുത്തകമാധ്യമങ്ങളുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയെയും പക്ഷപാതിത്വത്തെയും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന നയത്തെയും കുറിച്ചും രാഷ്ട്രീയമുതലെടുപ്പിനെപ്പറ്റിയും ബി.ബി.സി, ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ദി ഇന്റിപെന്റഡ് തുടങ്ങിയ പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അതിനിശിതമായ വിമര്‍ശനങ്ങളാണു നടത്തിയത്. നിര്‍ഭയ കേസും കത്‌വ കേസും ഉദാഹരണമായി എടുത്തുകാണിക്കുകയും ചെയ്തു. സ്ത്രീപീഡന വാര്‍ത്തകളോട് ഇന്ത്യന്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്.
പീഡനത്തിനിരയാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധപ്പെടുത്തരുതെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ഏപ്രില്‍ 24 നാണ് ഉത്തരവിട്ടത്. അത്തരം പ്രസിദ്ധീകരണം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിധി. കത്‌വ പെണ്‍കുട്ടിയുടെ പേരും മറ്റും പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ആ കുടുംബത്തിനു കടുത്ത ഭീഷണി നേരിടേണ്ടിവന്നു. അവര്‍ക്കു വീടും നാടുമുപേക്ഷിച്ചു പലായനം ചെയ്യേണ്ടിവന്നു.
കത്‌വ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച 12 മാധ്യമസ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ വീതം പിഴ നല്‍കണമെന്നു കോടതി വിധിച്ചിരുന്നു. മാപ്പപേക്ഷ നിരാകരിച്ചാണു പിഴ ശിക്ഷ വിധിച്ചത്. ഇത്തരം സംഭവങ്ങളില്‍ പൊതുജനങ്ങള്‍ക്കു സഹതാപവും വൈകാരിക അടുപ്പവുമുണ്ടാകാന്‍ വേണ്ടിയാണ് പടവും പേരുവിവരങ്ങളും പ്രസിദ്ധീകരിക്കുന്നതെന്ന മാധ്യമവാദം നിരര്‍ഥകമാണെന്നു കോടതി അഭിപ്രായപ്പെട്ടു.
മാധ്യമങ്ങള്‍ വാദിക്കുന്നതു പോലെ സഹായമല്ല, തികച്ചും പ്രതികൂലമായ അനുഭവങ്ങളാണ് ഇരകള്‍ക്കുണ്ടാകുന്നത്. ഇത്തരം വെളിപ്പെടുത്തല്‍വഴി ജീവിതകാലം മുഴുവന്‍ ഇരകളും അവരുടെ കുടുംബങ്ങളും തിക്തഫലം അനുഭവിക്കാന്‍ വിധിക്കപ്പെടുന്നു. സമൂഹമധ്യത്തില്‍ മുഖം മറച്ചു നില്‍ക്കേണ്ടിവരുന്നു. വിതുമ്പിക്കരയേണ്ടിവരുന്നു. ജീവഭയത്താല്‍ പലായനം ചെയ്യേണ്ടിവരുന്നു. ഇതെല്ലാം സംഭവിക്കുന്നതു ചില മാധ്യമങ്ങള്‍ പക്ഷപാതിത്വത്തോടെ ഇരകളുടെ പേരുവിവരങ്ങളും പടവും പ്രസിദ്ധീകരിക്കുന്നതിനാലാണ്.
സ്ത്രീസുരക്ഷയ്ക്കും ഇരകളുടെ സുരക്ഷയ്ക്കും നിയമമുണ്ട്. അതു നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടമില്ലാതെപോയി. ഈ വസ്തുതയാണു പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങള്‍ എടുത്തുപറഞ്ഞിരിക്കുന്നത്.
രാജ്യത്ത് സ്ത്രീസുരക്ഷ കടുത്തവെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. നിയമം കൃത്യമായി നടപ്പിലാക്കുകയും ഇരകള്‍ക്കു നിയമപരിരക്ഷയും സുരക്ഷിതത്വവും ലഭ്യമാക്കുകയും വേണം. അതിനുവേണ്ടിയാണു മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. വായനക്കാരുടെ മനോവൈകൃതങ്ങളെ തൃപ്തിപ്പെടുത്തുംവിധം വാര്‍ത്ത നല്‍കുന്നതില്‍ ചില മലയാള പത്രങ്ങളും പിന്നിലല്ല. ഇതു പത്രധര്‍മമല്ല. ഇരകളോടൊപ്പം നില്‍ക്കുന്നതാണു മാധ്യമധര്‍മം. മുഖ്യധാരാമാധ്യമങ്ങളുടെ ഇത്തരം നിലപാടുകളാണു ഗോവിന്ദച്ചാമിമാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. സാമൂഹികമാധ്യമങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരികയും പൊതുവികാരം ഇരകള്‍ക്കൊപ്പമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നത് ഏറെ ആശ്വാസകരം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."