സംസ്ഥാനത്ത് വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നു
കരട് പട്ടിക ഒക്ടോബര്‍ 15ന്
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പട്ടിക സംശുദ്ധമാക്കല്‍ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 30 വരെ ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം തുടരും.
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍, മരിച്ചവരുടെ പേര് ഒഴിവാക്കല്‍, സ്ഥലംമാറിപ്പോയവരുടെ പേരുമാറ്റല്‍ തുടങ്ങിയവ ഈസമയത്ത് ചെയ്യാനാകും. എന്‍.വി.എസ്.പി പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്, അക്ഷയകേന്ദ്രം, താലൂക്ക് ഓഫിസുകള്‍ എന്നിവ വഴി പട്ടികയില്‍ പേരുണ്ടോയെന്ന് വോട്ടര്‍മാര്‍ ഉറപ്പുവരുത്തണം. പട്ടികയിലെ വിവരങ്ങള്‍ തിരുത്താനും അവസരം ലഭിക്കും.
പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സഹായിക്കാന്‍ ബൂത്തുലെവല്‍ ഏജന്റുമാരെ രാഷ്ട്രീയകക്ഷികള്‍ നിയോഗിക്കണം. ഇവര്‍ ബൂത്തുലെവല്‍ ഓഫിസര്‍മാരുമായി ഏകോപനത്തോടെ പ്രവര്‍ത്തിച്ച് വോട്ടര്‍പട്ടിക സംശുദ്ധമാക്കല്‍ പ്രക്രിയയില്‍ സഹായിക്കണം. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്നു. ജില്ലാതലത്തില്‍ കലക്ടര്‍മാര്‍ ഇത്തരത്തില്‍ യോഗങ്ങള്‍ വിളിക്കും. പേരുചേര്‍ക്കല്‍, നീക്കംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷം ഒക്ടോബര്‍ 15ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച പരാതികള്‍ നവംബര്‍ 30 വരെ നല്‍കാം. പാലാ ഉപതെരഞ്ഞെടുപ്പിന് 2019 ജനുവരി ഒന്നിനുള്ള വോട്ടര്‍പട്ടികയാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
'പാലാ തെരഞ്ഞെടുപ്പ്: ശബരിമല വിഷയം ഉപയോഗിക്കരുത്'
തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ദൈവത്തിന്റെയോ മതത്തിന്റെയോ പേരില്‍ ജനങ്ങളില്‍ വിദ്വേഷമുണ്ടാക്കി സൗഹാര്‍ദം തകര്‍ക്കാന്‍ പാടില്ല.
എന്നാല്‍, മറ്റു രീതിയില്‍ ശബരിമല വിഷയം ഉന്നയിക്കാം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പറയാവുന്ന കാര്യങ്ങള്‍ പറയാം. മുന്‍വിധിയോടെ ഒരു വിഷയവും പരിഗണിക്കില്ല. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ താല്‍ക്കാലിക റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ കൂട്ടത്തോടെ പേരുചേര്‍ക്കുന്നത് പരിശോധിക്കും.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവിലുണ്ട്. പാലാ നിയമസഭാ മണ്ഡലത്തില്‍ ആകെ 1,77,864 വോട്ടര്‍മാരാണുള്ളത്. 87,192 പുരുഷവോട്ടര്‍മാരും 90,672 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ആകെ 176 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."