എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് കര്‍ദിനാളിനെ നീക്കി
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒഴിവാക്കി. പകരം മാണ്ഡ്യ രൂപതയുടെ മെത്രാനും സിനഡിന്റെ സെക്രട്ടറിയുമായിരുന്ന മാര്‍ ആന്റണി കരിയിലിനെ അതിരൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാര്‍ (മെത്രാപൊലീത്തന്‍ വികാരി) ആയി നിയമിച്ചു. ഇതോടൊപ്പം മാര്‍ ആന്റണി കരിയിലിന് ആര്‍ച്ച് ബിഷപ് സ്ഥാനവും നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവന്ന സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വത്തിക്കാന്റെ അംഗീകാരത്തോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.
ഇനി മുതല്‍ സഭയുടെ ദൈനംദിന കാര്യങ്ങളും ഭരണപരമായ കാര്യങ്ങളും നിര്‍വഹിക്കുക മാര്‍ ആന്റണി കരിയില്‍ ആയിരിക്കും. സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് കര്‍ദിനാളുമായി കൂടിയാലോചിക്കണം. അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളടക്കം സാധാരണ ഭരണം നിര്‍വഹിക്കാന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാരിക്ക് പൂര്‍ണ ഉത്തരവാദിത്വം ഉണ്ടായിരിക്കും.
സിവില്‍ നിയമമനുസരിച്ച് അതിരൂപതയെ പ്രതിനിധീകരിക്കുന്നതും രേഖകളില്‍ ഒപ്പുവയ്ക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ ഉത്തരവാദിത്വമായിരിക്കുമെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും വ്യക്തമാക്കുന്ന മാര്‍ഗ രേഖ സിനഡ് അംഗീകരിച്ചു. സാവകാശം ഇത് സഭയുടെ പ്രത്യേക നിയമത്തിന്റെ ഭാഗമാകും.
അതിരൂപതയിലെ സഹായമെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ടിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും പുതിയ നിയമനവും സിനഡ് നല്‍കി.
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യരൂപതയുടെ മെത്രാനായും മാര്‍ ജോസ് പുത്തന്‍ വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."