ഭാര്യ ഇന്‍ ഭര്‍ത്താവ് ഔട്ട്; വിചിത്രമായി എന്‍.ആര്‍.സി പട്ടിക
ഗുവാഹത്തി: മക്കളെല്ലാം പൗരത്വപട്ടികയില്‍പ്പെട്ടപ്പോള്‍ അവര്‍ക്കു ജന്‍മംനല്‍കിയ പിതാവ് മാത്രം പട്ടികയില്‍ നിന്നു പുറത്തായതുള്‍പ്പെടെയുള്ള വിചിത്ര അനുഭവങ്ങളാണ് അസമില്‍ നിന്ന് വരുന്നത്. ദമ്പതികളില്‍ ഒരാള്‍ പുറത്തും ഒരാള്‍ അകത്തും, ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റേയാള്‍ വിദേശിയും ആയ അനുഭവങ്ങളും റിപ്പോര്‍ട്ട്‌ചെയ്യുന്നു. ഇത്തരം അനുഭവങ്ങളുടെ ഞെട്ടലിലാണ് ഗുവാഹത്തിയിലെ കമറുല്‍ ഇസ്‌ലാം. നാലംഗകുടുംബമാണ് കമറുല്‍ ഇസ്‌ലാമിന്റേത്. എന്നാല്‍, ഇന്നലെ പട്ടിക പുറത്തുവന്നപ്പോള്‍ ഒരാള്‍ മാത്രം പുറത്ത്. ആദ്യ കരടില്‍ കുടുംബത്തിലെ മൂന്നുപേരുകളാണ് ഉണ്ടായിരുന്നത്. ചെറിയ മകന്‍ പുറത്തായി. പിന്നാലെ കുടുംബത്തിന് നോട്ടിസ് ലഭിച്ചു. ഇതോടെ എല്ലാരേഖകളും നല്‍കി രണ്ടാമത് അപേക്ഷിച്ചു. അപ്പോള്‍ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍.ആര്‍.സി അധികൃതര്‍ ഉറപ്പ് തരികയുംചെയ്തു. ഒടുവില്‍ അന്തിമപട്ടിക പുറത്തുവന്നപ്പോള്‍ മകന്‍ പുറത്ത്- കമറുല്‍ പറഞ്ഞു.
നേരത്തെ പുറത്തുവന്ന അന്തിമ കരടില്‍ നിന്ന് ആയിരക്കണക്കിന് പേര്‍ പുറത്താവാനുണ്ടായ കാരണങ്ങള്‍ പലതും വിചിത്രമായിരുന്നു. ഇംഗ്ലീഷ് അക്ഷരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറുക, ടൈപ്പ് ചെയ്യുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് വന്ന പിശകുകള്‍, സോഫ്റ്റ് വെയറിലുള്ള പ്രശ്‌നം തുടങ്ങിയവയാണ് നിരവധിപേര്‍ക്ക് വിദേശി മുദ്രവീഴാനുണ്ടായ കാരണം.
അക്ഷരങ്ങള്‍ മാറിയതിന് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ നൂറുകണക്കിന് അനുഭവങ്ങളും പുറത്തുവരികയുണ്ടായി. പഞ്ചാബില്‍ സൈനികനായി ജോലിനോക്കുന്ന ഗുവാഹത്തി സ്വദേശി രാജ് കിഷോര്‍ താക്കൂറിന്റെ പേരിലുള്ള അക്ഷരം മാറിയതു കൊണ്ടായിരുന്നു അദ്ദേഹം കരടില്‍ നിന്ന് പുറത്തായത്. പക്ഷേ, രാജ് കിഷോറിന്റെ മക്കളും ഭാര്യയും അദ്ദേഹത്തിന്റെ വിലാസം പരിഗണിച്ച് പട്ടികയില്‍ കയറുകയുംചെയ്തിരുന്നു. ഗുവാഹത്തിയിലെ സോണാദാസ് കരടില്‍ നിന്ന് പുറത്തായതിന്റെ കാരണം ക്രൂരമായ തമാശയാണ്. ആ കാരണം ഇങ്ങനെ. സോണ എന്നാല്‍ ഹിന്ദിയില്‍ സ്വര്‍ണം എന്നും ഇംഗ്ലീഷില്‍ ഗോള്‍ഡ് എന്നുമാണ് അര്‍ഥം. സോണാദാസിന്റെ പേര് അപേക്ഷയില്‍ സൂചിപ്പിച്ചതു പ്രകാരം എന്‍.ആര്‍.സി ഉദ്യോഗസ്ഥന്‍ ടൈപ്പ്‌ചെയ്തപ്പോള്‍ ഓട്ടോമാറ്റിക് ട്രാന്‍സിലേഷന്‍ കാരണം കംപ്യൂട്ടറില്‍ കയറിയത് ഗോള്‍ഡ് ദാസ് എന്നായി. ഇതോടെ കരടില്‍ നിന്ന് സോണാദാസ് പുറത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."