സി.ബി.ഐയിലെ കൈകടത്തല്‍: 'സമിതിക്കു മാത്രമേ സ്ഥലം മാറ്റാനാവൂ'- പുറത്താക്കിയ നടപടിക്കെതിരെ അലോക് വര്‍മ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: അര്‍ധരാത്രിയിലെ സ്ഥലംമാറ്റത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ. തന്നെ പുറത്താക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യംചെയ്താണ് അലോക് വര്‍മ സുപ്രിംകോടതിയെ സമീപിച്ചത്. മതിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും.
മൂന്നുവര്‍ഷത്തേക്കാണ് സി.ബി.ഐ ഡയരക്ടറെ നിയമിക്കുന്നത്. നിയമനം നടത്തുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയാണ്. തന്നെ സ്ഥലംമാറ്റാനും ഈ സമിതിയുടെ അനുമതി വേണമെന്ന് അലോക് വര്‍മ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
സി.ബി.ഐയുടെ സ്വയംഭരണാധികാരത്തിന്‍മേലുള്ള കൈകടത്തലാണ് സര്‍ക്കാരിന്റെ നടപടി. അന്വേഷണം നടന്നുകൊണ്ടിരുന്ന പല കേസുകളിലും അസ്താനയുടെ ഇടപെടലുകളുണ്ടായി. പല നിര്‍ണായക കേസുകളിലും അസ്താന കൈകടത്തുകയും തെളിവുകള്‍ വളച്ചൊടിക്കുകയും ചെയ്തുവെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.
അലോക് വര്‍മയുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചത് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. ഹരജിയില്‍ അലോക് വര്‍മക്ക് അനുകൂലമായി വ്യാഴാഴ്ച കോടതി തീരുമാനമെടുത്താല്‍ അത് സര്‍ക്കാരിന് നാണക്കേടാകും. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ അന്വേഷണ ഏജന്‍സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."