സൂപ്പര്‍ ക്ലാസ്സിക്കോയില്‍ അര്‍ജന്റീന
മെല്‍ബണ്‍: ജോര്‍ജ് സംപോളിയുടെ അര്‍ജന്റീന ടീമിന്റെ പരിശീലകനായുള്ള അരങ്ങേറ്റം വിജയത്തോടെ. അതും ബദ്ധ വൈരികളായ ബ്രസീലിനെ പരാജയപ്പെടുത്തി. ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ അരങ്ങേറിയ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ അര്‍ജന്റീന മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബ്രസീലിനെ കീഴടക്കി. കാര്‍ലോസ് ദുംഗയ്ക്ക് പകരം ടീമിന്റെ പരിശീലക സ്ഥാനമേറ്റ ടിറ്റേയുടെ കീഴില്‍ ബ്രസീല്‍ നേരിടുന്ന ആദ്യ തോല്‍വിയായും മത്സരം മാറി. തുടര്‍ച്ചയായ ഒന്‍പത് വിജയങ്ങള്‍ക്ക് ശേഷമാണ് ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍ തോല്‍വി വഴങ്ങുന്നത്. 2012ന് ശേഷം ആദ്യമായാണ് അര്‍ജന്റീന ബ്രസീലിനെ കീഴടക്കുന്നത്. മത്സരം കാണാനായി മെല്‍ബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 95,000 പേരാണ് തടിച്ചൂകൂടിയത്.
ആക്രമണത്തിന് മുന്‍തൂക്കമുള്ള 3-6-1 ശൈലിയിലാണ് സംപോളി അര്‍ജന്റൈന്‍ ടീമിനെ ഇറക്കിയത്. ഹിഗ്വയ്ന്‍ ഏക സ്‌ട്രൈക്കറായപ്പോള്‍ മെസ്സിയും ഡിബാലയും തൊട്ടുപിന്നില്‍ കളിച്ചു. മധ്യനിരയില്‍ എയ്ഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ, ബിജിലിയ, ഗോമസ് എന്നിവരും അണിനിരന്നു. പ്രതിരോധത്തില്‍ ഒടാമെന്‍ഡി, മെയ്ഡാന, മെര്‍ക്കാഡോ എന്നിവരായിരുന്നു. റൊമേറൊ വല കാത്തു. നെയ്മര്‍, മാഴ്‌സലോ, ഡാനി ആല്‍വെസ് എന്നിവരുടെ അസാന്നിധ്യത്തിലും ബ്രസീല്‍ കരുത്തുറ്റ നിരയെ തന്നെ കളത്തിലിറക്കി. 4-5-1 ശൈലിയാണ് ടിറ്റെ സ്വീകരിച്ചത്. ഗബ്രിയേല്‍ ജീസസ് ഏക സ്‌ട്രൈക്കറായി. ഫെര്‍ണാണ്ടീഞ്ഞോ മധ്യനിരയുടെ കടിഞ്ഞാണേന്തിയപ്പോള്‍ കുട്ടീഞ്ഞോ, പൗലീഞ്ഞോ, റെനാറ്റോ അഗുസ്റ്റോ, വില്ല്യന്‍ എന്നിവരും മധ്യനിരയില്‍ കളിച്ചു. ഫിലിപ്പ് ലൂയീസ്, ജില്‍, തിയാഗോ സില്‍വ, ഫാഗ്നര്‍ എന്നിവര്‍ പ്രതിരോധം കാത്തു. വെവര്‍ട്ടനായിരുന്നു വല കാത്തത്.
തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു മുന്നേറി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ സെവിയ്യ പ്രതിരോധ താരം മെര്‍ക്കാഡോയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ വലയിലാക്കിയത്. നിക്കോളാസ് ഒടാമെന്‍ഡിയുടെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ റീബൗണ്ട് ചെയ്ത പന്തിനെ ബോക്‌സില്‍ നിന്ന മെര്‍ക്കാഡോ ക്ലോസ് റെയ്ഞ്ച് ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു. മറുഭാഗത്ത് വില്ല്യനും കുട്ടീഞ്ഞോയ്ക്കും ജീസസിനുമെല്ലാം മികച്ച അവസരങ്ങള്‍ തുറന്നു കിട്ടിയിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ ബ്രസീല്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ആവോളം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടതുമില്ല.
ലോകകപ്പ് യോഗ്യത ത്രിശങ്കുവിലായ അര്‍ജന്റീനയ്ക്ക് ബ്രസീലിനെതിരായ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇനിയുള്ള നാല് മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് വിജയം അനിവാര്യമാണ്. അടുത്ത ആഴ്ച സിങ്കപ്പൂരിനെതിരായ സൗഹൃദ മത്സരത്തിനിറങ്ങുന്ന അര്‍ജന്റീന ഓഗസ്റ്റ് 31ന് ഉറുഗ്വെയുമായി ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലും മത്സരിക്കും. ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി ബ്രസീല്‍ നേരത്തെ മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."