തോട് നികത്തി റോഡ് നിര്‍മിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
ആറാട്ടുപുഴ: പൊതുതോട് നികത്തി റോഡ് നിര്‍മിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു. തോട്ടില്‍ നിക്ഷേപിക്കാനായി ക്വാറി വേസ്റ്റുമായെത്തിയ ലോറി നാട്ടുകാര്‍ തടയുകയായിരുന്നു. ആറാട്ടുപുഴ പഞ്ചായത്ത് 14 വാര്‍ഡില്‍ വെട്ടത്തുകടവ് പമ്പ് ഹൗസിന് കിഴക്ക് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തോടിന്റെ കരയില്‍ താമസിക്കുന്ന ആളിന്റെ വീട്ടിലേക്ക് റോഡ് നിര്‍മിക്കുന്നതിനായി തോട്ടിലേക്ക് ലോറിയില്‍ നിന്നും ക്വാറി വേസ്റ്റ് ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു.
തുടര്‍ന്ന് ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഒന്‍പത് മണിയോടെ തൃക്കുന്നപ്പുഴ പോലീസെത്തിയതിന് ശേഷമാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്. ലോഡ് ഇറക്കരുതെന്ന് ലോറിക്കാര്‍ക്ക് പോലീസ് നിര്‍ദേശം നല്കി. ഇതിനിടെ ലോറി മണ്ണില്‍ താഴ്ന്നതുമൂലം നീക്കാന്‍ കഴിഞ്ഞില്ല.
ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെ എസ്കവേറ്റര്‍ ഉപയോഗിച്ച് വലിച്ചാണ് കുഴിയില്‍ നിന്നും ലോറി കരക്കുകയറ്റിയത്. പിന്നീട് ലോഡ് ഇറക്കാതെ ലോറി തിരികെപോയി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തോട് മറ്റൊരു വ്യക്തി നികത്തി റോഡ് നിര്‍മിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൊതുതോടുകള്‍ കയ്യേറുന്നത് പ്രദേശത്ത് വ്യാപക മാകുമ്പോഴും പഞ്ചായത്ത് റവന്യു അധികാരികള്‍ മൗനം പാലിക്കുകയാണ്.
തോടുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായതോടെ പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."