കടല്‍ ചതിച്ചത് വിശ്വസിക്കാനാവാതെ തേങ്ങിക്കരഞ്ഞ് മത്സ്യത്തൊഴിലാളികള്‍
അമ്പലപ്പുഴ: കടല്‍ കലിതുള്ളിയപ്പോള്‍ തീരദേശത്തിന് നഷ്ടമായത് കോടികളും നിരവധി മത്സ്യതൊഴിലാളികളുടെ ഉപജീവന മാര്‍ഗവും. പുന്നപ്ര ചളളിക്കടപ്പുറത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായ തിരയിളക്കത്തില്‍ തകര്‍ന്നടിഞ്ഞത് നൂറുകണക്കിന് മത്സ്യതൊഴിലാളികളുടെ ചാകരപ്രതീക്ഷയാണ്. ഒപ്പം ഉപജീവന മാര്‍ഗമായ വള്ളവും വലയും മുഴുവനും കടല്‍ കവര്‍ന്നു.
രണ്ടു ദിവസമായി ചളളികടപ്പുറത്ത് ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ഇതിനെതുടര്‍ന്നാണ് തൊഴിലാളികള്‍ വളളങ്ങള്‍ കരക്കിട്ടിരുന്നത്. എന്നാല്‍ പുലര്‍ച്ചെ രണ്ടോയെയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ 27 ഓളം വളളങ്ങള്‍ തിരയില്‍പ്പെട്ട് കടലില്‍ വീഴുകയായിരുന്നു. വളളത്തോടൊപ്പം എഞ്ചിനും വലയും മറ്റുപകരണങ്ങളും തകര്‍ന്നതോടെ ഏകദേശം 600 ഓളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും നിലച്ചു.
തീരദേശജനതക്ക് അപ്രതീക്ഷിതമായിരുന്നു ഈ ദുരന്തം. 60 മുതല്‍ 65 ലക്ഷം രൂപവരെ വിലവരുന്ന വലിയ മത്സ്യബന്ധന വളളങ്ങളും തകര്‍ന്നതില്‍ ഉള്‍പ്പെടുന്നു.35 ഓളം തൊഴിലാളികളാണ് ഇത്തരം വളളങ്ങളില്‍ പണിക്കു പോകുന്നത്. 18 മുതല്‍ 22 വരെ തൊഴിലാളികള്‍ ജോലിക്കു പോകുന്ന നിരവധി വളളങ്ങളും തകര്‍ന്നു.
മത്സ്യഫെഡില്‍നിന്നും സ്വകാര്യ വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമൊക്കെ പണം വായ്പയെടുത്താണ് ഇവര്‍ വളളമിറക്കിയിരിക്കുന്നത്.
ചാകരയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ സര്‍വ്വതും നഷ്ടമായിരിക്കുകയാണ്. നാശനഷ്ടത്തിന്റെ യഥാര്‍ത്ഥ തുക സര്‍ക്കാര്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."