ഇനി പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എളുപ്പമാവില്ല
ആഷിഖ് അലി ഇബ്രാഹിം
മുക്കം: നിരത്തുകളില്‍ ഇനിമുതല്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ അത്ര എളുപ്പമാകില്ല. ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങളെ തുടര്‍ന്ന് പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ പൊതുനിരത്തുകളില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി.
ഇനിമുതല്‍ പരസ്യ ബോര്‍ഡുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്ഥാപിക്കാനുദ്ദേശിക്കുന്ന റോഡിന്റെ പേര്, വീതി, സ്ഥല ഉടമയുടെ വിശദാംശങ്ങള്‍, സമ്മതപത്രം, ലൊക്കേഷന്‍ പ്ലാന്‍, പരസ്യത്തിന്റെ വിസ്തീര്‍ണം, എഗ്രിമെന്റ്, സ്‌ട്രെക്ചറല്‍ സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്ഥാപിക്കുന്ന കാലയളവ്, ഒന്നിലധികം സാമ്പത്തിക വര്‍ഷത്തേക്ക് ആണെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷം അപേക്ഷ പുതുക്കുന്നതാണെന്ന സാക്ഷ്യപത്രം എന്നിവ നിര്‍ബന്ധമായും സമര്‍പ്പിക്കണം.
കൂടാതെ റോഡ് സേഫ്റ്റി അതോറിറ്റിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും സമ്മതപത്രം, പഞ്ചായത്തിന്റെ ഇതു സംബന്ധിച്ച നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കുമെന്ന സത്യപ്രസ്താവന എന്നിവയും ഹാജരാക്കണം. അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദൃശ്യമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കണമെന്നും അറിയിപ്പ് നല്‍കി മൂന്നു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാത്തവ കണ്ടെത്തി ഏഴു ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കണമെന്നും എന്നിട്ടും നീക്കം ചെയ്യാത്തവ ഗ്രാമപഞ്ചായത്ത് നീക്കം ചെയ്ത് ഇതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നു നിയമാനുസൃതം ഈടാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു.
ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് അനുമതി നല്‍കുക. പരസ്യബോര്‍ഡുകള്‍ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അതിന്റെ പൂര്‍ണ ബാധ്യതയും ഏറ്റെടുത്തു കൊള്ളാമെന്നും കാലാവധിക്കുശേഷം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും എടുത്തു മാറ്റുന്നതാണെന്നും നിബന്ധന ചേര്‍ത്ത് 200 രൂപ മുദ്രപത്രത്തില്‍ അപേക്ഷകനും തദ്ദേശസ്ഥാപനവും തമ്മില്‍ കരാര്‍ ഉണ്ടാക്കണം.
ഡിസ്‌പ്ലേ ചെയ്യുന്ന പരസ്യത്തിന്റെ പകര്‍പ്പ് അനുമതി അപേക്ഷയോടൊപ്പം നല്‍കണം. അനുവാദം നല്‍കുന്നതിന് പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ലൈസന്‍സ് ഫീസും നല്‍കണം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് അവിടെ മാത്രമേ ഇനിമുതല്‍ അവ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കൂ.
അനുമതിയില്ലാത്ത മേഖലകളിലും നിരോധിത മേഖലകളിലും കാലാവധിക്കുശേഷവും പ്രദര്‍ശിപ്പിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ചട്ടപ്രകാരം നീക്കം ചെയ്യുകയും വ്യവസ്ഥ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കേണ്ടതുമാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് ഡയരക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."