HOME
DETAILS
MAL
തത്തയെക്കൊണ്ടെന്നപോലെ കള്ളം പറയിക്കുന്നു; കുല്‍ഭൂഷണ്‍ പാകിസ്താനില്‍ കടുത്ത സമ്മര്‍ദത്തിലെന്ന് ഇന്ത്യ
backup
September 02 2019 | 16:09 PM
ന്യൂഡല്‍ഹി: തങ്ങളുടെ കള്ളക്കഥകള്‍ തത്തയെപ്പോലെ ഏറ്റുപറയാന്‍ കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാകിസ്താന്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതായി ഇന്ത്യ.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവുമായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കടുത്ത ആരോപണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
കുല്‍ഭൂഷണ് നയതന്ത്രസഹായം നല്‍കാനുള്ള പാകിസ്താന്‍ നടപടി അന്താരാഷ്ട്ര നീതിന്യായകോടതിയുടെ വിധി പാലിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണെന്നും ഇന്ത്യ ആരോപിച്ചു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കുല്‍ഭൂഷന്റെ മാതാവിനോട് സംസാരിച്ചെന്നും വിശദാംശങ്ങള്‍ ധരിപ്പിച്ചെന്നും ഇന്ത്യയുടെ പ്രസ്താവനയിലുണ്ട്. ഇന്ന് ഉച്ചയോടെ ഇസ്‌ലാമാബാദില്‍ വച്ചാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷണെ കണ്ടത്.
ജാദവിനെ പാകിസ്താന്‍ കുറ്റക്കാരനെന്ന് വിധിച്ചത് തീര്‍ത്തും അന്യായമായമാണെന്നും അദ്ദേഹത്തിന് നീതി ലഭ്യമാക്കാനും സുരക്ഷിതമായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
2019 ജൂലൈ 17ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രകാരമായിരുന്നു കൂടിക്കാഴ്ച. പാകിസ്താന്‍ വിയന്ന കരാറിന്റെ ലംഘനം നടത്തിയെന്ന് കണ്ടെത്തിയ കോടതി കുല്‍ഭൂഷണ് നയതന്ത്ര സഹായം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.
2016 മാര്‍ച്ച് 3നാണ് ചാരപ്രവൃത്തി ആരോപിച്ച് പാക് സുരക്ഷാ ഏജന്‍സികള്‍ ബലൂചിസ്ഥാനില്‍ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തത്. 2017ല്‍ പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചു. ഇതിനെതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."