അമിത് ഷായ്‌ക്കെതിരേ വന്‍ പ്രതിഷേധം: മാപ്പുപറയണമെന്നു കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിജിയെ അപമാനിച്ച അമിത് ഷായും സംഭവത്തില്‍ മാപ്പുപറയണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടേണ്ടതിനു പകരം ബിജെപി നേതാക്കള്‍ രാഷ്ട്രപിതാവിനെപ്പോലും ജാതി പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. ബി ജെ പി നേതാക്കളുടെ സ്വഭാവത്തേയും ആശയങ്ങളേയുമാണ് ഇതു കാണിക്കുന്നത്. ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നവര്‍ രാജ്യത്തെ എവിടെയ്ക്കാണ് നയിക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജിവാല ചോദിച്ചു.
മഹാത്മാ ഗാന്ധിയെ അപമാനിക്കുക വഴി രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നവരേയും അവരുടെ കുടുംബങ്ങളേയുമാണ് ബി ജെ പി അപമാനിച്ചത്. രാജ്യത്തോട് പ്രധാനമന്ത്രി മാപ്പു പറയണം- വക്താവ് പറഞ്ഞു.
അധികാരത്തിന്റെ വ്യാപാരിയായ അമിത് ഷാ സ്വാതന്ത്ര്യ സമരത്തേയും വ്യവസായമാക്കിയാണ് സംസാരിച്ചത്. എന്നാല്‍ സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ ആര്‍എസ്എസിനേയും ഹിന്ദുമഹാ സഭയേയും രാജ്യത്തെ വിഭജിക്കാനുള്ള ഉപാധിയായാണ് ഉപയോഗിച്ചിരുന്നത് എന്നതാണ് യാഥാര്‍ഥ്യം- രണ്‍ദീപ് സുര്‍ജിവാല പറഞ്ഞു.
വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന പരിപാടിയ്ക്കിടെയാണ് ബിജെപി ദേശിയ അധ്യക്ഷന്‍ മഹാത്മാ ഗാന്ധിയെ ആക്ഷേപിച്ചു സംസാരിച്ചത്.
ഗാന്ധിജി ബുദ്ധിമാനായ ബനിയ( ഗാന്ധിജിയുടെ സമുദായം) ആയിരുന്നു. കോണ്‍ഗ്രസിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്.
യോഗത്തില്‍ കോണ്‍ഗ്രസിനേയും അമിത് ഷാ കടന്നാക്രമിച്ചു. ഒരു ആശയത്തിന്റെ പേരില്‍ രൂപീകരിച്ച പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അതു സ്വാതന്ത്ര്യസമരത്തിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."