ടി.ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികള്‍ വിജിലന്‍സ് കസ്റ്റഡിയില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം അഞ്ചാം തിയതി വരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്.
പാലം നിര്‍മാണക്കമ്പനിയായ ആര്.ഡി.എസ് പ്രോജക്ട്സിന്റെ എം.ഡി സുമിത് ഗോയല്‍, കിറ്റ്കോയുടെ മുന്‍ എം.ഡി ബെന്നി പോള്‍, ആര്.ബി.ഡി.സി.കെ അസി.ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന് എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
പാലാരിവട്ടം പാലത്തിന്റെ 30 കോണ്‍ക്രീറ്റ് സാംപിളുകളില്‍ 80 ശതമാനവും മോശ നിലവാരത്തിലുള്ളതാണെന്ന പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍ എം.ഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ കേസിലാകെ 17 പ്രതികളാണുള്ളത്.
അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികള്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."