കണക്കുകള്‍ മാറിമറിഞ്ഞു; അധികമഴയുടെ കണക്കുമായി കാലവര്‍ഷം അവസാന ഘട്ടത്തിലേക്ക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ മഴയുമായി തുടങ്ങിയ കാലവര്‍ഷം അധികമഴയുടെ കണക്കുമായി അവസാനഘട്ടത്തിലേക്ക്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ 5.31 ശതമാനം അധികമഴയാണ് കേരളത്തിന് ലഭിച്ചത്.
ഈ കഴിഞ്ഞ ജൂണില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകളായിരുന്നു കാലവര്‍ഷം നല്‍കിയത്. കഴിഞ്ഞ 37 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഈ ജൂണ്‍മാസത്തിലാണ്. 649 മി.മീറ്റര്‍ പെയ്യേണ്ട സ്ഥാനത്ത് ലഭിച്ചത് 358.5 മി. മീറ്റര്‍ മാത്രം. കാലവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടപ്പോഴത്തെ മഴക്കുറവ് രേഖപ്പെടുത്തിയത് 44 ശതമാനം ആയിരുന്നു. ജൂലൈയില്‍ ലഭിച്ച മഴ കാര്യങ്ങളില്‍ നേരിയ മാറ്റം വരുത്തി. മഴക്കുറവ് 32 ശതമാനം ആയി കുറഞ്ഞു. പിന്നീട് ഓഗസ്റ്റ് മാസത്തിലെ റെക്കോര്‍ഡ് മഴ കണക്കുകള്‍ കീഴ്‌മേല്‍ മറിക്കുകയായിരുന്നു. ഓഗസ്റ്റ് അവസാനിക്കുമ്പോള്‍ ശരാശരി 1789.7 മി.മീ മഴ ലഭിക്കേണ്ടയിടത്ത് 1884.8 മി.മീ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍.
കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴയാണ് ഈ ഓഗസ്റ്റില്‍ ലഭിച്ചത്. ശരാശരി 420 മി.മീ ലഭിക്കേണ്ടയിടത്ത് 951 മി.മീ മഴയാണ് ലഭിച്ചത്. ഓഗസ്റ്റിലെ മാത്രം കണക്കെടുക്കുമ്പോള്‍ 126 ശതമാനം അധികമഴ ലഭിച്ചു. ആകെയുള്ള കണക്കുകള്‍ അനുസരിച്ച്
ഓഗസ്റ്റ് ഏഴു വരെ 27% മഴക്കുറവാണ് രേഖപ്പെടുത്തിയത്. പിന്നീട് എട്ടാംതിയതി മുതല്‍ പ്രളയത്തിന് കാരണമാകുംവിധം മഴ തകര്‍ത്തതോടെ ഓഗസ്റ്റ് 19 ആയപ്പോഴേക്കും ആകെയുള്ള മഴക്കുറവ് ഒരു ശതമാനം ആയികുറഞ്ഞു. ഓഗസ്റ്റ് 31 ആയപ്പോഴേക്കും മഴക്കുറവ് മാറി അഞ്ചുശതമാനം മഴ അധികമായി.
ഇതുവരെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ് 3001 മില്ലിമീറ്റര്‍. തൊട്ടു പിന്നാലെ കാസര്‍കോടും ( 2922 മി.മീറ്റര്‍) ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ് (738.7 മി.മീറ്റര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."