അശ്വിന്‍ ബിനുവും ഒലീവിയ ടി.ഷൈബുവും ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ കേരള ടീമില്‍
തൊടുപുഴ: യു.പിയിലെ ഗാസിയാബാദില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളടീമില്‍ ഇടുക്കി ജില്ലയുടെ അശ്വിന്‍ ബിനു പുരുഷവിഭാഗത്തിലും ഒലീവിയ ടി ഷൈബു വനിതാ വിഭാഗത്തിലും ഇടം നേടി.
മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇവര്‍. കൊച്ചി വടുതലയില്‍ നടന്ന സംസ്ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ലക്കായി നടത്തിയ മികവാര്‍ന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ചാംപ്യന്‍ഷിപ്പിനുള്ള സംസ്ഥാന ടീമില്‍ സ്ഥാനം പിടിച്ചത്.
കാഞ്ഞാര്‍ കുന്നത്തുപറമ്പില്‍ കെ.ബി ബിനു- മെറീന ദമ്പതികളുടെ ഇളയമകനായ അശ്വിന്‍, 2012 ല്‍ ഗോവയില്‍ നടന്ന സബ്-ജൂനിയര്‍ ദേശീയ ചാംപ്യന്‍ഷിപ്പിലും 2015 ല്‍ ഗുജറാത്തിലെ ഭാവ്‌നഗറില്‍ നടന്ന ദേശീയ യൂത്ത് ചാംപ്യന്‍ഷിപ്പിലും കേരള ജേഴ്‌സിയണിഞ്ഞിരുന്നു.
പൂനെയില്‍ നടന്ന യൂത്ത് ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുത്ത് ദക്ഷിണേഷ്യാ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടി.
ഔറംഗബാദില്‍ നടന്ന പൈക്ക ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിലും പോര്‍ബന്തറില്‍ നടന്ന രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിലും കേരളത്തിന്റെ മുന്‍ നിര താരമായിരുന്നു. കാഞ്ഞാര്‍ തൈമുറിയില്‍ ഷൈബു കെ ജോസഫ്- സോണിയ ദമ്പതികളുടെ മകളായ ഒലീവിയ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പോര്‍ബന്തറിലും ഹൈദരാബാദിലും നടന്ന രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിനായി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചിരുന്നു. നോയിഡയില്‍ നടന്ന, അമേരിക്കന്‍ പരിശീലകര്‍ നേതൃത്വം നല്‍കിയ എന്‍.ബി.എ ദേശീയ എലൈറ്റ് ക്യാംപിലും ഇടം നേടി മികവു തെളിയിച്ചു.
കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ ഹസനില്‍ നടന്ന ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം വെള്ളിമെഡല്‍ നേടിയപ്പോള്‍ സംസ്ഥാനത്തിനായി ഉശിരന്‍ പോരാട്ടം കാഴ്ചവച്ചു.
ഈ വര്‍ഷം ഹൈദരാബാദില്‍ നടന്ന പ്രഥമ ഖേലോ ഇന്ത്യ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ 16 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ കേരളത്തെ നയിച്ചതും ഒലീവിയയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."