പക്ഷികളുടെ സ്വര്‍ഗങ്ങള്‍
ജുറാസിക് കാലത്ത് ഉണ്ടായിരുന്ന തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളില്‍ നിന്നാണ് പക്ഷികള്‍ പരിണാമം പ്രാപിച്ചതെന്നു പറയുന്നു. പക്ഷികള്‍ ഇന്ന് ഏകദേശം 9.9000 വര്‍ഗങ്ങളായി പരിണാമം പ്രാപിച്ചിരിക്കുന്നു. തെറാപ്പോഡ എന്ന വിഭാഗത്തിലാണ് പക്ഷികള്‍ ഉള്‍പ്പെടുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ടൂറിസം മേഖലകളാണ് പക്ഷി സങ്കേതങ്ങള്‍. പക്ഷികള്‍ക്കാവശ്യാനുസരണമുള്ള അന്തരീക്ഷം ലഭിക്കുന്നതോടുകൂടെ പക്ഷികളുടെ കൂട്ടങ്ങള്‍ തന്നെ ഇവിടെ ധാരാളമായി കടന്നുവരുന്നു. കോള്‍ നിലങ്ങളിലും ഇന്ന് കൂടുതല്‍ പക്ഷികളെ കണ്ടുവരുന്നു.
തട്ടേക്കാട്
കേരളത്തില്‍ 1983 ഓഗസ്റ്റ് 27ന് നിലവില്‍ വന്ന പക്ഷി സങ്കേതമാണ് തട്ടേക്കാടിലേത്. 25.1ച.കി.മി വിസ്തീര്‍ണമുള്ള ഈ പ്രദേശം പല വംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്. അവ കൂടാതെ പലതരം ദേശാടന പക്ഷികളും ഇവിടെയെത്തുന്നു. ഡോ.സാലിം അലി 1950 കളില്‍ ഇവിടെ ഒരു പക്ഷിസങ്കേതമാക്കണമെന്ന് തീരുമാനിക്കുകയും 1970ല്‍ നടത്തിയ സര്‍വേയ്ക്ക് ശേഷമാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്. അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ഥമാണ് ഡോ.സാലിം അലി പക്ഷിസങ്കേതം എന്നറിയപ്പെട്ടത്. ഇന്നിവിടെ ദേശാടകരടക്കം 330 ഇനം പക്ഷികളെത്തുന്നുണ്ട്. നവംബര്‍ മുതല്‍ ജൂണ്‍ വരേയുള്ള സമയങ്ങളിലാണ് കൂടുതലായി പക്ഷികളെത്തുന്നത്.
പക്ഷിപാതാളം
വയനാട് ജില്ലയിലെ കന്യാവനങ്ങള്‍ക്കു നടുവിലുള്ള പക്ഷിനിരീക്ഷണകേന്ദ്രമാണ് പക്ഷിപാതാളം. കടല്‍നിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലുള്ള പക്ഷിപാതാളം മനോഹരമായ പക്ഷിനിരീക്ഷണകേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തില്‍ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്. ഭീമാകാരങ്ങളായ അനേകം ഉരുളന്‍ കല്ലുകളാല്‍ രൂപപ്പെട്ട ഈ ഗുഹകളിലൂടെ സഞ്ചാരികള്‍ക്ക് അടിയിലേക്കിറങ്ങാം. വിവിധയിനം ദേശാടനപക്ഷികള്‍ കൂടുകൂട്ടുന്ന മറ്റു ഗുഹകളും പണ്ടുകാലത്ത് സന്യാസിമാര്‍ തപസ്സിനുപയോഗിച്ചു എന്നു കരുതുന്ന ഒരു പുരാതന ഗുഹയും ഇവിടെയുണ്ട്. കാട്ടിലൂടെ ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പക്ഷിപാതാളത്തെത്താം.
കടലുണ്ടി
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരത്തിലാണ് കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. ഇത് കടലുണ്ടിപ്പുഴ അറബിക്കടലില്‍ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നു കിടക്കുന്നു. കുന്നുകള്‍ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂര്‍ തുറമുഖത്തിന് ഏഴ്കിലോമീറ്ററുകളകലെയായാണ് സ്ഥിതി ചെയ്യുന്നത്.
നൂറിലേറെ ഇനം തദ്ദേശീയ പക്ഷികളെയും അറുപത് ഇനത്തിലേറെ ദേശാടനപക്ഷികളെയും ഇവിടെ കാണാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരേയുള്ള സമയത്താണ് ഇവിടെ കൂടുതല്‍ പക്ഷികളേ കാണാന്‍ സാധിക്കുന്നത്.
കുമരകം
കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതമാണിത്. വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്നതിനാല്‍ ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരില്‍ അറിയപ്പെടുന്നു. 1847ല്‍ ആല്‍ഫ്രഡ് ജോര്‍ജ് ബേക്കര്‍ ആണ് ഒരു റബ്ബര്‍ തോട്ടത്തില്‍ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കര്‍ എസ്റ്റേറ്റ് എന്നാണ് ഇതറിയപ്പെട്ടത്. 5.7ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് ഇവിടെ പക്ഷികളെ കൂടുതലായി കണ്ടുവരുന്നത്. കോട്ടയത്തു നിന്ന് 16 കിലോമീറ്റര്‍ ദൂരമുള്ള ഇവിടെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരേയാണ് പ്രവേശന സമയം.
ചൂലന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം
കേരളത്തിലെ ഏക മയില്‍ സംരക്ഷണ കേന്ദ്രമാണ്് ചൂലന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം. പാലക്കാട് ജില്ലയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് സങ്കേതം. 500 ഹെക്ടര്‍ നിബിഢമായ ഇവിടം 200 ഓളം മയിലുകളുണ്ട്്. പ്രശസ്ത പക്ഷിനിരീക്ഷകനായിരിന്ന ഇന്ദുചൂഡന്റെ (കെ.കെ നീലകണ്‍ഠന്‍) ഓര്‍മയ്ക്ക് മയില്‍ സങ്കേതത്തെ 2008ല്‍ സമര്‍പ്പിച്ചു. പാലക്കാട് ആലത്തൂരിനടുത്ത തരൂരിലാണ് മയിലുകള്‍ക്ക് വേണ്ടിയുള്ള ഈ കേന്ദ്രം. കാടുകളും നെല്‍പാടങ്ങളും ധാരാളമായി ഉള്ള ഇവിടം മയിലുകള്‍ക്ക് സുരക്ഷിതമായി വസിക്കാനും പ്രജനനത്തിനും വേണ്ടി 2007ലാണ് കേന്ദ്ര കേരള സര്‍ക്കാറുകള്‍ മയില്‍ സങ്കേതമാക്കിയത്. കെ.കെ.നീലകണ്0ന്‍ മെമ്മോറിയല്‍ മയില്‍ സാങ്ങ്ചറി എന്നാണ് പേര്.
മുണ്ടേരിക്കടവ്
കേരളത്തില്‍ നാലാമത് സ്ഥാപിതമായ പക്ഷി സങ്കേതമാണ് മുണ്ടേരിക്കവ്. കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി ഗ്രാമ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 7.5 ച.കി.മി തണ്ണീര്‍ തടങ്ങള്‍ ചേര്‍ന്ന ഈ പ്രദേശം 2012 ലാണ് പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമാണിത്. വാരം കടവ്, കാട്ടാംപള്ളി, പുല്ലൂപ്പി, ചിറക്കല്‍, മാണിയൂര്‍, എളയാവൂര്‍, കുറ്റിയാട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ പക്ഷി സങ്കേതം. സൈബീരിയലില്‍ നിന്നും യുറേഷ്യ, ഹിമാലയ സാനുക്കളില്‍ നിന്നുമെല്ലാം ദേശാടന പക്ഷികള്‍ ഇവിടെ എത്തുന്നുണ്ട്. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഒരുലക്ഷത്തിലധികം എരണ്ട പക്ഷികള്‍ ഇവിടെ എത്താറുണ്ട്. മനുഷ്യന്റെ കൈകടത്തലുകള്‍ കുറഞ്ഞ ഈ പ്രദേശത്ത് അപൂര്‍വയിനത്തില്‍ പെട്ട പന്ത്രണ്ടോളം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷികള്‍ക്ക് പുറമെ വൈവിധ്യമാര്‍ന്ന അമ്പതോളം അപൂര്‍വയിനം മല്‍സ്യങ്ങളെയും ഔഷധ ഗുണമുള്ള അമ്പതിലധികം സസ്യങ്ങളും പുല്‍ചെടികളുമാണ് മറ്റൊരു സവിശേഷത.
അരിപ്പല്‍
പക്ഷിസങ്കേതമെന്ന നിലയിലേക്ക് വളര്‍ന്നിട്ടില്ലെങ്കിലും കൊല്ലം ജില്ലയിലെ അരിപ്പല്‍ ഒട്ടേറെ പക്ഷികളുടെ അഭയ കേന്ദ്രമാണ്. പ്രധാന സംരക്ഷിത വനപ്രദേശം കൂടിയാണിത്. മനോഹരമായ ഈ പ്രദേശം തിരുവനന്തപുരം ജില്ലയില്‍ ചെങ്കോട്ട റോഡിനടുത്ത് സ്ഥിതി ചെയ്യുന്നു. വനം വകുപ്പിന്റെ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്.
പാതിരാമണല്‍
വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണല്‍. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാര്‍ഡിന്റെ ഭാഗമാണ് പാതിരാമണല്‍. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഇവിടെ. പക്ഷിനിരീക്ഷകര്‍ക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ഇന്നിവിടെ വാണിജ്യ വിനോദ സഞ്ചാര കമ്പനികളും ചുവടുറപ്പിച്ചിരിക്കുന്നു.
മംഗളവനം
പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് മംഗളവനം. കൊച്ചിയുടെ ഹൃദയ ഭാഗത്തുള്ള ഒരു ദ്വീപാണിത്. 0.0274 ച.കി.മി ആണ് വിസ്തൃതി. കണ്ടല്‍ കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടന പക്ഷികളെത്താറുണ്ട്. 2004ല്‍ നിലവില്‍ വന്ന മംഗളവനം പക്ഷിസങ്കേതം വനം വകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണിത്. മംഗല്‍ എന്ന വാക്കിന് പോര്‍ച്ചുഗീസില്‍ കണ്ടല്‍ എന്നാണ് അര്‍ഥം.
മേയ് 2006ല്‍ നടന്ന സര്‍വേപ്രകാരം ഇവിടെ 32 ഇനത്തില്‍ പെടുന്ന 194 ലധികം പക്ഷികളുള്ളതായി കണക്കാക്കുന്നു. 17 തരത്തിലുള്ള ചിത്ര ശലഭങ്ങളും 51 തരം വര്‍ഗത്തില്‍ പെട്ട ചിലന്തകളും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."