നിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ കേരളം വ്യാജ വിദ്യാഭ്യാസ ഹബ്ബാകും: സ്പീക്കര്‍
മലപ്പുറം: ലോകത്തില്‍ തന്നെ ഏറ്റവും പഠന സൗകര്യങ്ങളുള്ള നാടായി കേരളം മാറിയിട്ടുണ്ടെന്നും എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും മികവ് വേണമെന്നും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഗുണ നിലവാരം മെച്ചപ്പെട്ടിട്ടില്ലെങ്കില്‍ കേരളം വ്യാജവിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 333 എസ്.പി.സി കേഡറ്റുകളെ ആദരിക്കുന്ന പരിപാടി കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ, ഡല്‍ഹി അടക്കമുള്ള മെട്രോ നഗരങ്ങളില്‍ പോലുമില്ലാത്ത പൊതുവിദ്യാഭ്യാസ സൗകര്യങ്ങള്‍ കേരളത്തിലുണ്ട്. പഠനം വിവരം നേടല്‍ മാത്രമല്ല. അത് പ്രായോഗികമാകണം.
വിദ്യാര്‍ഥികള്‍ക്ക് സന്നദ്ധ- സാമൂഹിക സേവന ബോധം കൂടി വേണം. ഇക്കാര്യത്തില്‍ എസ്.പി.സി നിര്‍വഹിക്കുന്ന പങ്ക് വലുതാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്റ്റുഡന്റ് പൊലിസ് കേഡറ്റ് (എസ്.പി.എസ്) പ്രൊജക്ടിന്റെ ആറാം ജന്മദിനമായിരുന്നു ഇന്നലെ.
പരിപാടിയില്‍ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ വി. സുധാകരന്‍, എം.ഇ.എസ്. കോളജ് പ്രിന്‍സിപ്പല്‍ വി. അബ്ദുസ്സലാം, എസ്.പി.സി അഡീഷനല്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം, ജില്ലാ നോഡല്‍ ഓഫീസര്‍ കെ. അബ്ദുറഷീദ്, തിരൂര്‍ ഡി.വൈ.എസ്.പി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ എസ്.പി.സി യൂനിറ്റുകളില്‍ നിന്നായി 333 എസ്.പി. സി കേഡറ്റുകള്‍ക്കാണ് സ്പീക്കര്‍, എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവര്‍ അവാര്‍ഡ് നല്‍കിയത്. ഇതോടൊപ്പം 2015ല്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ നടന്ന ശാസ്ത്ര പ്രതിഭാ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ മികവ് തെളിയിച്ച കുട്ടികളെയും ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."