ദേശീയപാത സ്ഥലമെടുപ്പ്; നടപടികള്‍ ദ്രുതഗതിയില്‍
മലപ്പുറം: ജില്ലയില്‍ ദേശീയപാതാ സ്ഥലമെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ മുഴുവന്‍ ഭൂമിയും നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തവര്‍ഷം ഫെബ്രുവരി 28നകം ദേശീയ പാതാ വിഭാഗത്തിന് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
നിലവില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ മുഴുവന്‍ പ്രാഥമിക നടപടികളും അവസാനിച്ചു. സബ് ഡിവിഷന്‍ സര്‍വേ പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയായ മുഴുവന്‍ സര്‍വേ റിക്കാര്‍ഡുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
സ്‌കെച്ചകളും ഡാറ്റാ കലക്ഷനും മഹ്‌സറും തയാറാക്കി കഴിഞ്ഞു. ഡിസംബര്‍ 31നകം 60 ശതമാനം ഭൂമിയുടെയും കൈമാറ്റം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഉണ്ടാവും. 2019 ജനുവരി അവസാനത്തോടെ നൂറു ശതമാനവും പൂര്‍ത്തിയാവും.
തുടര്‍ന്ന് ഫെബ്രുവരി 28നകം മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കി ദേശീയ പാതാ വിഭാഗത്തിന് കൈമാറും. ജില്ലയില്‍ റിക്കാര്‍ഡ് വേഗത്തിലാണ് ദേശീയ പാതയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാവുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രഥമ ത്രി.എ വിജ്ഞാപനം വന്നത്. കാലവര്‍ഷക്കെടുതി പ്രവര്‍ത്തനത്തെ ചെറിയ തോതില്‍ ബാധിച്ചു. ഒരുവര്‍ഷത്തിനകം എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ നിലവിലുള്ള ഷെഡ്യൂളനുസരിച്ച് കഴിയുമെന്നാണ് പ്രതീക്ഷ .
ഭൂമിയുടെ തുക നിര്‍ണയിക്കലും വില പ്രഖ്യാപനവും: ആദ്യ ഹിയറിങ് തിരൂരില്‍
ദേശീയ പാതക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താവിന് നഷ്ടപ്പെടുന്ന ഭൂമിയുടെ ക്യത്യമായ വിവരങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് താലൂക്കുകളില്‍ ഹിയറിങ് നടത്തും.
ഹിയറിങിനു നവംബര്‍ 15 ന് തിരൂരില്‍ തുടക്കമിടും. ഗുണഭോക്താവിന് നഷ്ടപ്പെടുന്ന മുഴുവന്‍ നഷ്ടങ്ങള്‍ക്കും നല്‍കുന്ന തുക സംബന്ധിച്ച് ബോധ്യപ്പെടുത്തും. മരങ്ങളുടെയും കാര്‍ഷിക നഷ്ടത്തിന്റെയും തുക, ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ തുക, എന്നിവയും ബോധ്യപ്പെടുത്തും. തുടര്‍ന്ന് ഗുണഭോക്താവിന് നല്‍കുന്ന തുക സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനവും ഉണ്ടാവും.
ഇതിനായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ദിവസങ്ങള്‍ നീളുന്ന പ്രത്യേക സിറ്റിങ് നടത്തും. തിരൂര്‍ താലൂക്കിന്റെ പരിധിയിലെ വില്ലേജുകളിലെ ഭൂമി വില നിശ്ചയിക്കുന്നതിനുള്ള ഗുണഭോക്താക്കളുടെ സിറ്റിങ് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ കോട്ടക്കല്‍ ദേശീയപാതാ വിഭാഗം ഓഫിസില്‍ നടക്കും. വില നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഡിസംബര്‍ 30നും നടക്കും. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ ഹിയറിങ് ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ നടക്കും. വില പ്രഖ്യാപനം ജനുവരി 15നും നടക്കും.
പൊന്നാനി താലൂക്കിലേത് ഡിസംബര്‍ 15 മുതല്‍ 2019 ജനുവരി 15 വരെയുള്ള ദിവസങ്ങളില്‍ പൊന്നാനി സിവില്‍ സ്റ്റേഷനിലുള്ള ദേശീയപാതാ സ്ഥലമെടുപ്പ് സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫിസില്‍ നടക്കും. വില പ്രഖ്യാപനം ജനുവരി 30 നും നടത്തും. നടപടികള്‍ പൂര്‍ത്തിയാക്കി തിരൂര്‍ പരിധിയിലെ ഭൂമി ജനുവരി 15 നകവും തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ ഭൂമി ജനുവരി 31 നകവും പൊന്നാനിയുടെത് ഫെബ്രുവരി 15 നകവുമാണ് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
ഭൂമിയുടെ ന്യായ വില റവന്യൂ വകുപ്പ് നിശ്ചയിച്ചുനല്‍കും
ദേശീയ പാതക്ക് സ്ഥലം നല്‍കുന്നവരുടെ ഭൂമിയുടെ ന്യായ വില റവന്യൂ വകുപ്പ് ഗുണഭേക്താവുമായി ചര്‍ച്ചചെയ്തു നിശ്ചയിച്ചു നല്‍കും. ഗ്രാമത്തില്‍ ഭൂമിക്ക് ആധാരവിലയുടെ 2.4 മടങ്ങും മുനിസിപ്പാലിറ്റിയില്‍ രണ്ട് മടങ്ങും നല്‍കും. ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സമാനമായ ഭൂമിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വില്‍പ്പന നടന്നിട്ടുള്ള ഭൂമിയുടെ ആധാരങ്ങള്‍ പരിശോധിച്ച് ഏറ്റവും കൂടുതല്‍ വില കാണിച്ച പകുതി ആധാരങ്ങളുടെ ശരാശരി വിലയാണ് ഭൂമി വിലയായി നിശ്ചയിക്കുക. ഇതിന്റെ 2.4 മടങ്ങാണ് നല്‍കുക. നെല്ല് ഉള്‍പ്പെടെയുള്ള ഇടക്കാല വിളകളൊഴിച്ച് ബാക്കി എല്ലാ വിളകള്‍ക്കും കാര്‍ഷിക വകുപ്പ് വില നിശ്ചയിക്കും. അതിന്റെ ഇരട്ടി തുക ഗുണഭോക്താവിന് നല്‍കും. മരങ്ങളുടെ വില സോഷ്യല്‍ ഫോറസ്ട്രി വകുപ്പും നിശ്ചയിക്കും. മരത്തിന്റെ വണ്ണവും പ്രായവും കണക്കിലെടുത്ത് ഇരട്ടി തുകയും നല്‍കും.
യോഗത്തില്‍ അസി. കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, ദേശീയപാതാ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യുട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍., ആര്‍.ഡി.ഒ എന്‍.എം മെഹ്‌റലി, എന്‍.എച്ച് ലെയിസണ്‍ ഓഫിസര്‍ പി.പി.എം അഷ്‌റഫ്, പൊതുമരാമത്ത് വിഭാഗം ഇ.ഇ. കെ. മുഹമ്മദ് ഇസ്മാഈല്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ എന്‍.വി സദാനന്ദന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.വി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."