വയനാട്ടില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക ആയിരക്കണക്കിന് കുടുംബങ്ങളെ
ഷഫീഖ് മുണ്ടക്കൈ
കല്‍പ്പറ്റ: പ്രളയവും മലയിടിച്ചിലും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട്ടിലെ നിരവധി പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തല്‍.
വയനാട്ടില്‍ ഉരുള്‍പൊട്ടിയ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലായി നൂറിലേറെ പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്നും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നുമാണ് സമിതിയുടെ ശുപാര്‍ശ.
എന്നാല്‍ വാസയോഗ്യമല്ലെന്നു കണ്ടെത്തിയ പ്രദേശങ്ങളില്‍ എത്ര കുടുംബങ്ങളുണ്ടെന്ന കണക്കുകള്‍ വ്യക്തമല്ല.
ചില പ്രദേശങ്ങളില്‍ കുടുംബങ്ങളുടെ എണ്ണം കൃത്യമായി നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശങ്ങളില്‍ 'നിരവധി കുടുംബങ്ങള്‍' എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍, ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍, ഭൂമിയില്‍ വിള്ളല്‍ വീണ സ്ഥലങ്ങള്‍, ഭൂമിയും വീടും നിരങ്ങി നീങ്ങിയ സ്ഥലങ്ങള്‍, ഭൂമി താഴേക്ക് ഇരുന്നുപോയ സ്ഥലങ്ങള്‍, കിണര്‍ ഇടിഞ്ഞുതാഴ്ന്ന പ്രതിഭാസമുണ്ടായ സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തിയ സ്ഥലങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ശുപാര്‍ശ.
ഉരുള്‍പൊട്ടലുണ്ടായ പുത്തുമല, പച്ചക്കാട് പ്രദേശങ്ങളും സമീപ പ്രദേശങ്ങളായ മുണ്ടക്കൈ, കള്ളാടി, കാശ്മിര്‍ തുടങ്ങി നിരവധി ജനവാസ മേഖലകളും വാസയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍.
മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണ് വാസയോഗ്യമല്ലാതായ കൂടുതല്‍ പ്രദേശങ്ങളും.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പൂതാടി പഞ്ചായത്തിലെ കലോനിക്കുന്ന്, ഇരുളം, ചെമ്പകമൂല, അമ്പലവയല്‍ പഞ്ചായത്തിലെ കുപ്പമൂടി, ആറാട്ടുപാറ, കുറ്റിക്കൈത, മഞ്ഞപ്പാറ, പറക്കുന്ന കോളനി, പുറ്റാട്-പാണ്ട്യന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളും വാസയോഗ്യമല്ലെന്നാണ് കണ്ടെത്തല്‍.
വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിക്കുകയാണെങ്കില്‍ ആയിരക്കണക്കിനു കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടി വരിക.
മൂപ്പൈനാട് പഞ്ചായത്തിലെ ഗുഹാവാസികളായ ചോലനായ്ക്കര്‍ അധിവസിക്കുന്ന പരപ്പന്‍പാറ കോളനിയും നിരവധി ഗോത്രവര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന മൂന്ന് താലൂക്കിലേയും നിരവധി കോളനികളും വാസയോഗ്യമല്ലെന്നു കണ്ടെത്തിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."