സ്‌പോണ്‍സറുടെ കാരുണ്യത്തില്‍ ജിതേഷിന് ജയില്‍ മോചനം
താജുദ്ദീന്‍ ഇല്ലിക്കുളം
കായംകുളം: സഊദി പൗരന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ജയിലിലായ മലയാളിക്ക് സ്‌പോണ്‍സറുടെ കാരുണ്യത്തില്‍ മോചനം. ഒടുവില്‍ നന്ദിവാക്കിന് കാത്തുനില്‍ക്കാതെ സ്‌പോണ്‍സറുടെ മരണം. തായ്ഫില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കായംകുളം പുള്ളിക്കണക്ക് വെളുത്തേരിയില്‍ ബാബുവിന്റെ മകന്‍ ജിതേഷ് ആണ് ജയില്‍ മോചിതനായത്. ജിതേഷ് ഓടിച്ച വാഹനമിടിച്ച് സ്വദേശിപൗരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ആറുവര്‍ഷമായി നാട്ടില്‍ വരാനാകാതെ ജിതേഷ് കേസില്‍ അകപ്പെട്ടിരുന്നത്.
3,10,000 റിയാല്‍(60 ലക്ഷം രൂപ) ആയിരുന്നു ബ്ലഡ് മണിയായി കോടതി വിധിച്ചിരുന്നത്. ഇത്അടക്കാനാകാത്ത അവസ്ഥയിലായിരുന്നു ജിതേഷും കുടുംബവും. അത് കൊണ്ട് ആറുവര്‍ഷമായി നാട്ടിലേക്കു പോകാനും കഴിഞ്ഞിരുന്നില്ല.
വൃദ്ധനായ അബ്ദുല്ല ബിന്‍ മുസാദ് അയ്യിദ് അല്‍ ഉസൈമി എന്ന 90 വയസുകാരനായ സ്‌പോണ്‍സറുടെ സഹായി കൂടിയായതിനാല്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി ജിതേഷിനു ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ ആറുവര്‍ഷമായി സ്‌പോണ്‍സറെ പ്രാര്‍ഥനക്ക് കൊണ്ടുപോകുന്നതും അംഗശുദ്ധി ചെയ്യിക്കുന്നതും ജിതേഷായിരുന്നു.
പിന്നീട് സ്‌പോണ്‍സര്‍ അസുഖബാധിതനായി കിടപ്പിലായപ്പോഴാണു ജാമ്യം റദ്ദായി ജിതേഷ് വീണ്ടും ജയിലിലാകുന്നത്. സഊദി പൗരന്റെ ബന്ധുക്കല്‍ കോടതിയെ സമീപിച്ചതിനാലാണ് വീണ്ടും ജയിലായത്.
വിവാഹം കഴിഞ്ഞ് 11 മാസമായപ്പോഴാണ് ജിതേഷ് തായ്ഫില്‍ എത്തുന്നത്. അവിടെയെത്തി രണ്ട് മാസം കഴിഞ്ഞപ്പോഴാണ് അപകടം. അന്ന് നാലുദിവസം ജയിലിലായി. തുടര്‍ന്ന് സ്‌പോണ്‍സറാണ് ജയിലില്‍നിന്ന് ഇറക്കിയതെന്ന് ജിതേഷ് സുപ്രഭാതത്തോട് പറഞ്ഞു. ജിതേഷിന്റെ മോചനത്തിനായി ഭാര്യ ശ്രീരേഖയും കുടുംബവും മുഖ്യമന്ത്രി അടക്കം പലര്‍ക്കും പരാതി കൊടുത്തിരുന്നു. സഊദിയിലെ സാമൂഹികപ്രവര്‍ത്തകര്‍ മുജീബ് ജനത, അയ്യൂബ് കരുപന്ന എന്നിവര്‍ നിരന്തരമായി ജിതേഷിന്റെ വിഷയത്തില്‍ ഇടപെടുകയും സ്‌പോണ്‍സറെയും അപകടത്തില്‍ മരിച്ച സഊദി പൗരന്റെ കുടുംബത്തെയും അടക്കം ഇവര്‍ സമീപിക്കുകയും ചെയ്തിരുന്നു. സഊദി പൗരന്റെ ഏക മകന് പ്രായപൂര്‍ത്തിയാകത്തത് കൂടിയായപ്പോള്‍ തടസം ഏറെവര്‍ധിച്ചു.
ഒടുവില്‍ സ്‌പോണ്‍സര്‍ തന്നെ തുക കൊടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. സ്‌പോണ്‍സര്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുളള കടലാസുകളില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്ജിതേഷ് ചൊവ്വാഴ്ച ജയില്‍ മോചിതനായി. ജയിലില്‍നിന്ന് മോചിതനായ ഉടനെ ജിതേഷ് ജീവിതത്തിലേക്ക് തിരികെ വഴികാട്ടിയ സ്‌പോണ്‍സറെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ എത്തി കാണുകയും ചെയ്തിരുന്നു.
എന്നാല്‍ നന്ദി വാക്കിന് കാത്തുനില്‍ക്കാതെ അന്ന് വൈകിട്ട് ഏഴോടെ സ്‌പോണ്‍സര്‍ മരണത്തിന് കീഴടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."