പെട്രോള്‍ ഉല്‍പന്നങ്ങളുടെ വിലമാറ്റം: ഓട്ടോമേഷന്‍ ഏര്‍പ്പെടുത്തണമെന്ന് പമ്പ് ഉടമകള്‍
കൊച്ചി: ദിവസവും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്തുന്നതിന് പമ്പുകളില്‍ ഓട്ടോമേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് ആവശ്യപ്പെട്ടു.
രാജ്യത്തൊട്ടാകെയുള്ള 55,000 ലധികം വരുന്ന പെട്രോള്‍ പമ്പുകളില്‍ ജൂണ്‍ 16 മുതല്‍ ദിവസവും അര്‍ധരാത്രി മുതല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മാറ്റാനാണ് എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഓരോ തവണ വില മാറുമ്പോഴും പമ്പുകളിലെ മെഷീനുകളില്‍ രാത്രി 12 മണിക്ക് ഉത്തരവാദപ്പെട്ടവര്‍ വന്ന് വില മാറ്റി ടോട്ടല്‍ റീഡിങ് എഴുതിയെങ്കില്‍ മാത്രമേ ഉല്‍പന്നങ്ങള്‍ വില്‍ക്കാനും കൃത്യമായ അളവ് അറിയാനും സാധിക്കൂ. ഇത് പമ്പ് ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ പമ്പുകളില്‍ ഓട്ടോമേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി വില മാറ്റുന്ന നടപടി വേഗത്തിലാക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കമ്പനികളുടെ ഹെഡ്ഓഫീസില്‍നിന്നുതന്നെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്താനാവും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഓട്ടോമേഷന്‍ നടപ്പാക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും കേരളത്തിലെ 20 ശതമാനം പമ്പുകളില്‍ പോലും പൂര്‍ണമായി ഏര്‍പ്പെടുത്താനോ നിലവിലുള്ളതിലെ തകരാറുകള്‍ കണ്ടെത്താനോ സാധിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ദിവസവും വില വര്‍ധനയ്ക്ക് മറ്റൊരു തന്ത്രം എണ്ണക്കമ്പനികള്‍ പുറത്തെടുത്തിരിക്കുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.
അതേസമയം വിലമാറ്റത്തെ ഫെഡറേഷന്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇത് നടപ്പാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.രാധാകൃഷ്ണന്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."