ഓസീസ് പുറത്ത്; ബംഗ്ലാദേശ് സെമിയില്‍
ബിര്‍മിങ്ഹാം: മഴ വീണ്ടും വില്ലനായപ്പോള്‍ നിര്‍ണായക പോരാട്ടത്തില്‍ ആസ്‌ത്രേലിയക്ക് അടിതെറ്റി. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ 40 റണ്‍സിന്റെ തോല്‍വി വഴങ്ങി ഓസീസ് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി. സെമി ബര്‍ത്ത് നേരത്തെ ഉറപ്പിച്ച ഇംഗ്ലണ്ടും ഒപ്പം ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശും എ ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്ക് കടന്നു.
ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തു. വിജയത്തിലേക്ക് ബാറ്റ് വീശവേ ഇംഗ്ലണ്ട് 40.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്ത് നില്‍ക്കേ മഴ പെയ്യുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം 40.2 ഓവറില്‍ 201 ആക്കി പുനര്‍നിര്‍ണയിച്ചാണ് അവരെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയത്തിലേക്ക് നീങ്ങവെ മഴ പെയ്ത് ഓസീസിന് പോയിന്റ് പങ്കിടേണ്ടി വന്നത് അവസാന ഘട്ടത്തില്‍ തിരിച്ചടിയായി മാറി.
102 റണ്‍സുമായി സെഞ്ച്വറി നേടി ബെന്‍ സ്റ്റോക്‌സ് പുറത്താകാതെ നിന്നു. നായകന്‍ ഇയാന്‍ മോര്‍ഗന്‍ 87 റണ്‍സെടുത്തു. കളി അവസാനിപ്പിക്കുമ്പോള്‍ 29 റണ്‍സുമായി പുറത്താകാതെ ബട്‌ലറും ക്രീസിലുണ്ടായിരുന്നു. ഓസീസിനായി ഹാസ്‌ലെവുഡ് രണ്ടും സ്റ്റാര്‍ക്ക് ഒരു വിക്കറ്റുമെടുത്തു.
ഇംഗ്ലണ്ടിനെതിരേ വിജയം അനിവാര്യമായ ഓസീസ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു. മുന്‍നിര മികച്ച ബാറ്റിങ് പുറത്തെടുത്തെങ്കിലും വാലറ്റത്തിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി. 71 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്ഡിന്റെ കൂറ്റനടികളാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഫിഞ്ച് 68ഉം നായകന്‍ സ്മിത്ത് 56ഉം റണ്‍സെടുത്തു.
ഇംഗ്ലണ്ടിനായി മാര്‍ക് വുഡും ആദില്‍ റഷീദും നാല് വിതം വിക്കറ്റുകള്‍ വീഴ്ത്തി. തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."