കുതിച്ചുയര്‍ന്ന് കൗമാരം
തിരുവനന്തപുരം: കായിക കരുത്ത് പുറത്തെടുത്ത് ട്രാക്കിലും ഫീല്‍ഡിലും പോരാട്ടത്തിന്റെ വിസ്മയം തീര്‍ത്ത് കൗമാരം. തീ പാറുന്ന പോരാട്ടങ്ങള്‍ക്കിടെയും റെക്കോര്‍ഡുകള്‍ക്ക് വരള്‍ച്ച നേരിട്ട ആദ്യദിനത്തില്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് കിരീടം കൈവിടാതെ ഉറപ്പിക്കാന്‍ എറണാകുളത്തിന്റെ പടയോട്ടം. ട്രാക്കിലും ഫീല്‍ഡിലും രണ്ട് റെക്കോര്‍ഡുകള്‍ മാത്രമാണ് പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ എറണാകുളത്തിന്റെ എ.എസ് സാന്ദ്രയും ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാടിന്റെ സി.എ മുഹമ്മദ് ബാസിമും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
31 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്‍പത് സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും നേടിയ എറണാകുളം കിരീട പോരാട്ടത്തില്‍ 88 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. ആറ് സ്വര്‍ണവും നാല് വീതം വെള്ളിയും വെങ്കലവും നേടി 46 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. നാല് വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവുമായി കോഴിക്കോട് 35 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയ തൃശൂര്‍ 31 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ചാംപ്യന്‍ സ്‌കൂളുകളുടെ പോരാട്ടത്തില്‍ മൂന്ന് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസാണ് 25 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടിയ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് 23 പോയിന്റുമായി തൊട്ടുപിന്നില്‍ നില്‍ക്കുന്നു. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസാണ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. മൂന്ന് സ്വര്‍ണവും ഓരോന്ന് വീതം വെള്ളിയും വെങ്കലവും നേടിയ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസ് 19 പോയിന്റുമായി നാലാം സ്ഥാനത്താണ്. ചാംപ്യന്‍ഷിപ്പിലെ അതിവേഗക്കാരെ കണ്ടെത്താനുള്ള ഗ്ലാമര്‍ പോരാട്ടമായ 100 മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നാണ്. രണ്ടാം ദിനമായ ഇന്ന് 38 ഫൈനലുകള്‍ നടക്കും.
ഒറ്റലാപ്പില്‍ മുന്നിലോടി എറണാകുളം
ഒറ്റ ലാപ്പിന്റെ ട്രാക്കില്‍ തീപാറിച്ച് എറണാകുളത്തിന്റെ അശ്വമേധം. 400 മീറ്ററിന്റെ ഗ്ലാമര്‍ പോരില്‍ അഞ്ച് സ്വര്‍ണവും നാല് വെള്ളിയുമാണ് താരങ്ങള്‍ എറണാകുളത്തിന്റെ മെഡല്‍ ബാസ്‌ക്കറ്റില്‍ എത്തിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാത്രമാണ് എറണാകുളത്തിന് സ്വര്‍ണം നഷ്ടമായത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് താരങ്ങളായ ചെങ്കിസ് ഖാന്‍ സ്വര്‍ണവും (52:64 സെക്കന്റ് ) ആരിഫ് ഖാന്‍ (55:03) വെള്ളിയും നേടി.
തിരുവനന്തപുരം ശ്രീ അയങ്കാളി മോഡല്‍ സ്‌കൂളിലെ എം.കെ വിഷ്ണുവിനാണ് വെങ്കലം (56:49). സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം പെരുമാന്നൂര്‍ സെന്റ് തോമസ് എച്ച്.എസ് താരങ്ങളായ ഇരട്ടസഹോദരങ്ങള്‍ എറണാകുളത്തിന് സ്വര്‍ണവും വെള്ളിയും സമ്മാനിച്ചു. അനീറ്റ മരിയ ജോണ്‍ 59:98 സെക്കന്റില്‍ സ്വര്‍ണം നേടിയപ്പോള്‍ അലീന മരിയ ജോണ്‍ (1:00:40) വെള്ളിയിലേക്ക് ഓടിക്കയറി. കണ്ണൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ സി അനുഗ്രഹയ്ക്കാണ് വെങ്കലം (1:00:48). ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ സി.ആര്‍ അബ്ദുല്‍റസാഖ് സ്വര്‍ണം നേടി. 49:38 സെക്കന്‍ഡിലാണ് അബ്ദുല്‍റസാഖ് സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. കോതമംഗലെ മാര്‍ ബേസിലിലെ ഡെനിറ്റ് പോള്‍ ബിജു (51:36) വെള്ളിയും തിരുവനന്തപുരം സായിയിലെ എം.എസ് ജയദേവ് 52:20 വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ എറണാകുളം തേവര സേക്രട് ഹാര്‍ട്ട് എച്ച്.എസ്.എസിലെ എ.എസ് സാന്ദ്ര 55:95 സെക്കന്‍ഡില്‍ റെക്കോര്‍ഡ് സമയം കുറിച്ചു സ്വര്‍ണം നേടി. 2014 ല്‍ എ.എം.എച്ച്.എസ് പൂവമ്പായിയിലെ ജിസ്‌ന മാത്യു കുറിച്ച 56:04 സെക്കന്‍ഡ് സമയമാണ് നാല് വര്‍ഷത്തിന് ശേഷം സാന്ദ്ര മറികടന്നത്. എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്.എസിലെ ഗൗരി നന്ദന വെള്ളിയും (56:40) തിരുവനന്തപുരം സായിയിലെ പ്രിസ്‌കില്ല ഡാനിയല്‍ (57:21) വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അഭിഷേക് മാത്യു (49:10) എറണാകുളത്തിന് സ്വര്‍ണം സമ്മാനിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസിലെ അനന്തു വിജയന്‍ (49:54) വെള്ളിയിലേക്ക് ഓടിക്കയറിയപ്പോള്‍ തിരുവനന്തപുരം സായിയിലെ നന്ദു മോഹന്‍ (50:30) വെങ്കലം നേടി. സീനിയര്‍ പെണ്‍കുട്ടികളിലും സ്വര്‍ണം എറണാകുളം നേടി. കോതമംഗലം മാര്‍ ബേസിലിലെ ആര്‍. ആതിരയാണ് (57:63) സ്വര്‍ണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ തെരേസ മാത്യു (58.65) വെള്ളിയും കോഴിക്കോട് പൂവംമ്പായി എ.എം.എച്ച്.എസിലെ ടി. സൂര്യമോള്‍ വെങ്കലവും നേടി.
ചാന്ദ്‌നി കിതച്ചു; ദീര്‍ഘദൂര ട്രാക്കില്‍
താരമായി സനിക
ദീര്‍ഘദൂരയിനത്തില്‍ ഇന്നലെ അട്ടിമറിയുടെ ദിനമായിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ ചാംപ്യനായ സി. ചാന്ദ്‌നിയെ അട്ടിമറിച്ച് കെ.പി സനിക ട്രാക്കിലെ താരമായി. 10:19:48 സെക്കന്‍ഡ് സമയത്തിലാണ് ചാന്ദ്‌നിയെ വ്യക്തമായ മേധാവിത്വത്തോടെ സനിക അട്ടിമറിച്ചത്. പാലായില്‍ ചാന്ദ്‌നിക്ക് മുന്നില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സനികയുടെ മധുര പ്രതികാരം കൂടിയായി സ്വര്‍ണ നേട്ടം. പാലക്കാട് കല്ലടി കുമരംപുത്തുര്‍ സ്‌കൂളിലെ താരമായ ചാന്ദ്‌നി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ട്രാക്ക് അടക്കി വാഴുകയായിരുന്നു. കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ സനികയുടെ സ്‌കൂള്‍ മീറ്റിലെ ആദ്യ സ്വര്‍ണ നേട്ടമാണിത്. യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ തണുത്തുറഞ്ഞ ട്രാക്കില്‍ നഗ്‌നപാദയായാണ് സനിക സുവര്‍ണ കുതിപ്പ് നടത്തിയത്. സ്‌പൈക്കില്ലാതെ സ്‌കൂളിലെ ചെറിയ മൈതാനത്ത് വി.ടി മനീഷിന് കീഴിലായിരുന്നു പരിശീലനം. കട്ടിപ്പാറ കൈതേരി പൊയില്‍ അച്ഛന്‍ സുരേഷ് ഓട്ടോ ഡ്രൈവവാണ്. വീട്ടമ്മയായ ഷീബയാണ് മാതാവ്. വെള്ളി നേടിയ ചാന്ദ്‌നി 10:44:14 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടന്നത്.
കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിനില ബാബു (10:47:54) വെങ്കലം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖ് (8:56:16) സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസിലിലെ എന്‍.വി അമിത് (8:58:04) വെള്ളിയും കണ്ണൂര്‍ ഇലയവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ വിഷ്ണു ബിജു (9:07:26) വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണം. 8:39:77 സെക്കന്‍ഡിലാണ് ആദര്‍ശ് സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്. പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ എം. അജിത് വെള്ളിയും (8:51:61) പാലക്കാട് പറളി സ്‌കൂളിലെ പി. ശ്രീരാഗ് (9:03:59) വെങ്കലവും നേടി. സീനിയര്‍ വനിതകളുടെ 3000 മീറ്ററില്‍ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസിലെ എന്‍. പൗര്‍ണമി സ്വര്‍ണ ക്കുതിപ്പ് നടത്തി. 10:27:87 സെക്കന്‍ഡിലാണ് പൗര്‍ണമി സ്വര്‍ണം നേടിയത്. തൃശൂര്‍ നാട്ടിക സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂളിലെ പി.എസ് സൂര്യ വെള്ളിയും (10:36:79) തിരുവനന്തപുരം സായിയുടെ താരമായ മിന്നു പി. റോയി (10:53:10) വെങ്കലവും നേടി.
ട്രാക്കിലെ മിന്നലായി മണിപ്പൂരികള്‍
മിന്നലായി പായുന്ന മണിപ്പൂരി കൗമാരങ്ങള്‍ മേളയിലെ താരങ്ങളായി മാറുന്നു. സബ്ജൂനിയര്‍ വിഭാഗം മത്സരങ്ങളില്‍ ട്രാക്കില്‍ തീപ്പൊരി പടര്‍ത്തിയാണ് മണിപ്പൂരി താരങ്ങള്‍ കുതിച്ചു പായുന്നത്.
കോതമംഗലം സെന്റ് ജോര്‍ജിന്റെ താരങ്ങളായാണ് ഇവര്‍ എറണാകുളത്തിന് കരുത്ത് പകരുന്നത്. 400 മീറ്ററില്‍ രണ്ടു മണിപ്പൂരി താരങ്ങളാണ് സെന്റ് ജോര്‍ജിനും എറണാകുളത്തിനുമായി ട്രാക്കിലിറങ്ങിയത്. ചെങ്കിസ് ഖാന്‍ സ്വര്‍ണം (52:64) നേടിയപ്പോള്‍ സഹതാരം ആരിഫ് ഖാന്‍ (55:03) രണ്ടാമനായി. എതിരാളികളെ ഏറെ പിന്നിലാക്കിയായിരുന്നു ചെങ്കിസ് ഖാന്റെ പ്രകടനം.
80 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് സാഹിദുറഹ്മാന്‍ (11:38) സുവര്‍ണ താരമായി. സഹതാരം വാങ് മയൂം മുഖറം (11:58) വെങ്കലവും നേടി. ട്രാക്കിന് പുറത്തെ പോരാട്ടത്തിലും മണിപ്പൂരി താരങ്ങളിറങ്ങി. ഡിസ്‌കസ് ത്രോയില്‍ വെള്ളി നേടിയ മുഹമ്മദ് ഷാഹില്‍ ഷോട്ട്പുട്ടില്‍ അഞ്ചാമനായി. സെന്റ് ജോര്‍ജിന്റെ മറ്റൊരു മണിപ്പൂരി താരം മുഖ്താന്‍ ഹസന്‍ ഹൈജംപില്‍ നാലാമനായി. 2014 ല്‍ ആയിരുന്നു അവസാനമായി സംസ്ഥാന മീറ്റില്‍ സെന്റ് ജോര്‍ജ് കിരീടം നേടിയത്. മണിപ്പൂരി താരങ്ങളുടെ കരുത്തില്‍ ഇത്തവണ സ്‌കൂള്‍ ചാംപ്യന്‍പട്ടം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ്. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി എട്ടു മണിപ്പൂരി താരങ്ങളാണ് സെന്റ് ജോര്‍ജിന്റെ കരുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."