ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പുമായി നാലുപേര്‍ പിടിയില്‍
നിലമ്പൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പുമായി നാലുപേര്‍ പിടിയില്‍. ആനക്കൊമ്പുകള്‍ കടത്താന്‍ ഉപയോഗിച്ച ആഡംബര കാറും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന ഏതാനും പേര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. കരുവാരക്കുണ്ട് കുട്ടത്തിതൊട്ടി കളവന്‍ നിഥിന്‍ഷാ (23), പത്തനംതിട്ട കലഞ്ഞൂര്‍ ഷാജി ഭവനത്തില്‍ ഷാനു (28), കൊല്ലം ശൂരനാട് ആനയടി ബ്രഹ്മാലയത്തില്‍ സുമേഷ് (28), മലപ്പുറം പാലോളിപറമ്പ് ആനങ്ങാട് ചിനക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാഹിം (21) എന്നിവരെയാണ് നിലമ്പൂര്‍ വനം വിജിലന്‍സ് റേഞ്ച് ഓഫിസര്‍ എം. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണയിലെ റെഡിമെയ്ഡ് വസ്ത്രാലയത്തില്‍വച്ച് ആനക്കൊമ്പുകള്‍ വില്‍പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതികളെ സ്ഥാപനം വളഞ്ഞ് പിടികൂടിയത്.
വില്‍പനക്ക് ആനക്കൊമ്പുകളുമായി പ്രതികള്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നാല് ദിവസമായി തിരുവനന്തപുരത്തെ വനം വകുപ്പ് ഇന്റലിജന്‍സ് വിഭാഗവും വനം വിജിലന്‍സ് വിഭാഗവും ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രണ്ട് ആനക്കൊമ്പുകള്‍ക്കും കൂടി 10.470 കിലോഗ്രാം തൂക്കമുണ്ട്. പ്രതികളില്‍ മുഹമ്മദ് സാഹിം പെരിന്തല്‍മണ്ണയിലെ റെഡിമെയ്ഡ് ഷോപ്പ് ഉടമയാണ്. ഷാനും സുമേഷും പ്രവാസികളാണ്. നിഥിന്‍ഷാക്ക് കരുവാരക്കുണ്ടിലെ വനമേഖലയില്‍ നിന്നാണ് ആനക്കൊമ്പുകള്‍ ലഭിച്ചതെന്ന് ഇയാള്‍ വനം വകുപ്പിന് മൊഴി നല്‍കി. പ്രവാസികളായ തങ്ങള്‍ക്ക് കമ്മിഷന്‍ ലഭിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്ന് ഷാനും സുമേഷും മൊഴി നല്‍കി. പ്രതികളെയും ആനക്കൊമ്പുകളും കാറും അന്വേഷണ ഉദ്യോഗസ്ഥനായ കാളികാവ് റേഞ്ച് ഓഫിസര്‍ക്ക് കൈമാറുമെന്ന് വനം വിജിലന്‍സ് റേഞ്ച് ഓഫിസര്‍ എം. രമേശ് കുമാര്‍ പറഞ്ഞു. രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. റേഞ്ച് ഓഫിസര്‍ക്ക് പുറമെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി. ബിജിന്‍, എ.എന്‍ രതീഷ്, എം. അനൂപ് കുമാര്‍, വി.എസ് അച്യുതന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."