അഗ്നിരക്ഷാസേനയ്ക്ക് ഇനി ചൂടിനെ പേടിക്കേണ്ട
മുക്കം: ദുരന്ത മേഖലകളില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിചെയ്യുന്ന അഗ്നിരക്ഷാ സേനയ്ക്ക് ചൂടിനെ പൂര്‍ണമായും പ്രതിരോധിക്കുന്ന ഫയര്‍ പ്രോക്‌സിമിറ്റ് സ്യൂട്ടുകള്‍ നല്‍കിത്തുടങ്ങി.
മുപ്പതിനായിരത്തോളം രൂപ വിലവരുന്ന സ്യൂട്ടും 16,000 ത്തോളം രൂപ വിലവരുന്ന ഹെല്‍മറ്റും ഗംബൂട്ടും അടക്കം അന്‍പതിനായിരത്തോളം രൂപ വിലവരുന്ന ആധുനിക സുരക്ഷാ വസ്ത്രമാണ് സേനയിലെ ഓരോരുത്തര്‍ക്കും ലഭിക്കുക.
മൂന്ന് പാളികളായാണ് ഫയര്‍ പ്രോക്‌സിമിറ്റ് സ്യൂട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. തീയുടെ ഏറ്റവും അടുത്തു പോയി അണയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വാതക ചോര്‍ച്ചകള്‍, രാസലായനികള്‍ അടക്കമുള്ളവ ഉണ്ടാക്കുന്ന അപകട മേഖലകളിലും കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ ഇതുവഴി സേനയ്ക്ക് കഴിയും. മുന്‍പ് തീ അണയ്ക്കുമ്പോഴും മറ്റും ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കുന്നത് പതിവായിരുന്നു. തീക്കനലില്‍ ചവിട്ടിയാലും ഏറെനേരം ഉരുകിയൊലിക്കാത്തതും ചൂട് കടത്തിവിടാത്തതുമാണ് ഇപ്പോഴത്തെ ഗംബൂട്ട്. എളുപ്പം മടക്കാനും തിരിക്കാനും കഴിയുന്ന കൈയുറകള്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നു. ചുട്ടുപഴുത്തിരിക്കുന്ന ഷട്ടറുകളും മറ്റ് വസ്തുക്കളുമൊക്കെ ഇനി കൈകൊണ്ട് ഉയര്‍ത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."