പുഴയിടിച്ചില്‍; നിര്‍ദിഷ്ട തീരദേശ പൊലിസ് സ്റ്റേഷന്‍ കെട്ടിടം ഭീഷണിയില്‍
ചാവക്കാട്: തീരദേശ പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് തിയതി തിരുമാനിച്ച് സ്വാഗത സംഘവും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉദ്ഘാടനത്തിന് സ്റ്റേഷന്‍ കെട്ടിടം തന്നെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായി. ഇന്നലെ സ്വാഗതസംഘം രൂപീകരിക്കുന്ന യോഗത്തിനെത്തിയ ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്.
സ്റ്റേഷന്റെ പിറകുവശത്ത് സെപ്റ്റിക്ക് ടാങ്കിന്റെ ഒരുഭാഗം പുഴയെടുത്തിട്ടുണ്ട്. മറ്റേ ഭാഗം ഏതുനിമിഷവും പുഴ കവരുമെന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ തറക്കുള്ളിലേയ്ക്ക് വെള്ളം അടിച്ചു കയറി മണ്ണൊലിച്ചുതുടങ്ങി. മഴ കനത്ത് പുഴയില്‍ വെള്ളമുയര്‍ന്നാല്‍ കെട്ടിടം തകര്‍ന്നുവീഴുമെന്ന ആശങ്ക ഏവരും പങ്കുവെച്ചു. ഇതിനു പുറമെ കെട്ടിടത്തിന്റെ പിറകുവശത്തെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലാണ്.
തീരദേശ പൊലിസ് സ്റ്റേഷന്റെ പ്രധാന സഞ്ചാര വാഹനമായ സ്പീഡ് ബോട്ടുകള്‍ കെട്ടിയിടാന്‍ ബോട്ട് ജെട്ടി സംവിധാനം ഇവിടെ ഉണ്ടാക്കിയിട്ടില്ല . സ്വകാര്യവ്യക്തി സംഭാവനയായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് തീരദേശ പൊലിസ് സേ്റ്റഷനുവേണ്ടി കെട്ടിടം നിര്‍മിച്ചത്.
മൂന്നുവര്‍ഷം മുമ്പ് പണിയാരംഭിച്ച കെട്ടിടം രണ്ട് വര്‍ഷമായി ഉദ്ഘാടനത്തിന് തയാറായിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും പുതിയസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും നിരവധി തവണ ഉദ്ഘാടനത്തിന് ശ്രമം നടന്നെങ്കിലും വിജയിച്ചില്ല .
കഴിഞ്ഞ ജൂണില്‍ അന്നത്തെ ജില്ലാ സുപ്രണ്ട് ആര്‍ നിശാന്തിനി സ്ഥലം സന്ദര്‍ശിച്ച് കെട്ടിടത്തിന് സുരക്ഷിതഭിത്തി കെട്ടാന്‍ ഹാര്‍ബര്‍ വകുപ്പിനോടും ഇറിഗേഷന്‍ വകുപ്പിനോടും നിര്‍ദേശിച്ചിരുന്നു . ഒരുവര്‍ഷം മുമ്പ് ഇതുചെയ്തിരുന്നെങ്കില്‍ ഇത്രയും അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.
മുന്നുകൊല്ലം മുമ്പ് കെട്ടിടം പണിയുമ്പോള്‍ പുഴഭാഗം വളരെ ഇറങ്ങിയ നിലയിലായിരുന്നു. സൗജന്യമായികിട്ടിയ സ്ഥലത്ത് പുഴയില്‍നിന്ന് വടക്കോട്ട് മാറിയാണ് കെട്ടിട നിര്‍മാണത്തിന് പദ്ധതി തയാറാക്കിയത്.
ശാസ്ത്രീയമായി പഠനം നടത്താതെ കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ച കെട്ടിടം തകര്‍ച്ച നേരിടുമെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഉദ്ഘാടനത്തിനുമുമ്പ് കെട്ടിടം തകര്‍ന്നില്ലെങ്കിലും ഏതുനിമിഷവും തകര്‍ന്നേക്കാവുന്ന കെട്ടിടത്തില്‍ ജീവന്‍ പണയംവച്ച് ജോലി ചെയ്യാനാകില്ലെന്ന് പൊലിസുകാര്‍ മേലധികാരികളെ ധരിപ്പിച്ചിട്ടുണ്ട്.
സ്വാഗതസംഘ രൂപീകരണയോഗത്തില്‍ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പലരും പറഞ്ഞെങ്കിലും ആരും പരിഗണിച്ചിട്ടില്ല.
പഞ്ചായത്ത് റോഡ് കഴിഞ്ഞുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ഇവരില്‍ പലരും സ്റ്റേഷനിലേക്കുള്ള വഴി നല്‍കാന്‍ തയാറായിട്ടില്ല.
അനുമതി ലഭ്യമായ സ്പീഡ് ബോട്ടുകളും മറ്റുസാമഗ്രികളും അഴിക്കോട് തീരദേശ പൊലിസ് സേ്റ്റഷനില്‍ വിശ്രമിക്കുകയാണ്. ഒരു സി.ഐ, രണ്ട് എസ്.ഐ, 29 സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ എന്നിവരെയാണ് സ്റ്റേഷനിലേയ്ക്ക് നിയമിച്ചിട്ടുണ്ടള്ളത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."