ഹോങ്കോങ് നല്‍കുന്ന പാഠം
അഞ്ച് മാസത്തില്‍ കൂടുതലായി ഹോങ്കോങ് ജനത നടത്തുന്ന ഐതിഹാസികസമരം ഭാഗികവിജയം നേടിയിരിക്കുകയാണ്. പ്രക്ഷോഭകാരികള്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം കുറ്റവാളികളെ കൈമാറല്‍ ബില്‍ റദ്ദാക്കണമെന്നായിരുന്നു. അത് അംഗീകരിക്കാന്‍ ഹോങ്കോങ് ഭരണകൂടം തയ്യാറായിരിക്കുന്നു. ചൈനയുടെ നിയന്ത്രണത്തിലാണെങ്കിലും നിയമങ്ങളുടെ കാര്യത്തില്‍പ്പോലും സ്വതന്ത്രമായി നിന്ന ഹോങ്കോങ്ങിന് സ്വാതന്ത്ര്യത്തിന്റെ വായു നിഷേധിക്കപ്പെടില്ലെന്ന് ഈ പ്രഖ്യാപനത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.
ചൈനീസ് ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന ഹോങ്കോങ് ഭരണാധികാരി ഈ തീരുമാനം പ്രഖ്യാപിച്ചുവെങ്കില്‍ അതു ചൈനയുടെ സമ്മതത്തോടെ തന്നെയാകുമെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ഈ തീരുമാനം അത്ഭുതമുളവാക്കുന്നതാണ്. മുപ്പതുവര്‍ഷം മുമ്പ് ടിയാനന്‍മെന്‍ സ്‌ക്വയറില്‍ യുവാക്കളുടെ സ്വാതന്ത്ര്യവാഞ്ഛയെ ചോരയില്‍ മുക്കിക്കൊന്ന ചൈനീസ് ഭരണകൂടത്തില്‍ നിന്നു പ്രതീക്ഷിക്കാവുന്നതായിരുന്നില്ല ഇത്തരമൊരു നിലപാട്.
ചൈനയില്‍ ജനാധിപത്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ സമാധാനപരമായി നടത്തിയ സമരത്തിനു നേരേ പട്ടാളത്തിന്റെ ടാങ്കുകളും ട്രക്കുകളും ഓടിച്ചു കയറ്റി ആയിരക്കണക്കിന് പേരെയാണ് അന്നു ചൈന കൊന്നൊടുക്കിയത്. സ്വന്തം നാട്ടില്‍ അന്നതു ചെയ്ത കമ്യൂണിസ്റ്റ് ഭരണകൂടത്തിന് തങ്ങള്‍ക്കു ബ്രിട്ടിഷുകാര്‍ പതിച്ചുനല്‍കിയ ഹോങ്കോങ്ങില്‍ അതിനേക്കാള്‍ ക്രൂരമായി പ്രതിഷേധസ്വരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മടിയുണ്ടാകില്ലായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത്ഭുതപ്പെടാനുമില്ലായിരുന്നു.
പക്ഷേ, അവര്‍ അത്തരം കടുംകൈയ്ക്കു മുതിര്‍ന്നില്ല. അതിനു പകരം തങ്ങളുടെ ആജ്ഞാനുവര്‍ത്തിയായ ഹോങ്കോങ് ഭരണാധികാരിക്ക് പുതിയ കരിനിയമം പിന്‍വലിക്കാന്‍ മൗനാനുവാദം നല്‍കുകയായിരുന്നു. അക്കാരണത്താല്‍ തന്നെ ടിയാനന്‍മെന്‍ സ്‌ക്വയറിലുണ്ടായ പോലൊരു കറുത്ത അധ്യായം ആവര്‍ത്തിക്കപ്പെട്ടില്ല.
ഹോങ്കോങ്ങിലെ ഈ നടപടി ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും പാഠമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കശ്മിര്‍ ഇപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയമാണ്. കശ്മിര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്നതില്‍ സംശയമില്ല. ആ മണ്ണില്‍ ഭീകരതയുടെയും ദേശവിരുദ്ധതയുടെയും വിത്തുപാകി മുതലെടുക്കുന്ന പാകിസ്താന്റെ ശ്രമങ്ങള്‍ വേരോടെ പിഴുതെറിയേണ്ടതുമാണ്. കശ്മിര്‍ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യഘടകമായി നിലനില്‍ക്കുക തന്നെ വേണം.അതേസമയം, കശ്മിരിലെ ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ട ചുമതലയും ഈ രാജ്യത്തെ ഭരണകൂടത്തിന്റേതാണ്. കശ്മിര്‍ പൂര്‍ണമായും സാധാരണനിലയിലെത്തിക്കഴിഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അതല്ല വാസ്തവമെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെ ജനസ്വാധീനമുള്ള ഏതാണ്ടെല്ലാ രാഷ്ട്രീയനേതാക്കളും ആഴ്ചകളായി വീട്ടുതടങ്കലിലാണ്. കുടുംബങ്ങളെ കാണാനുള്ള അവസരം പോലും നേതാക്കന്മാര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു.
ജമ്മു കശ്മിരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയും ആ സംസ്ഥാനത്തിന് ഭരണഘടന അനുവദിച്ച പ്രത്യേകപദവി എടുത്തുകളയുകയും ചെയ്തശേഷം അവിടെയെന്താണു നടക്കുന്നതെന്ന് ഇന്ത്യയിലെ ഇതരഭാഗങ്ങളില്‍ ജീവിക്കുന്ന ഈ രാജ്യത്തെ പൗരന്മാര്‍ക്ക് അറിയാന്‍ കഴിയുന്നില്ല. അവിടത്തെ ജനങ്ങളുടെ ജീവിതാവസ്ഥ നേരില്‍ കാണാന്‍ ജമ്മുകശ്മിരിലേയ്ക്കു പോയ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷനേതാക്കളെ ആ മണ്ണില്‍ കാലുകുത്താന്‍ പോലും അനുവദിക്കാതെ തിരിച്ചയക്കുകയാണു ചെയ്തത്.ഇതു ജനാധിപത്യ സംവിധാനത്തിനു ഭൂഷണമല്ല. വിട്ടുവീഴ്ചയും മനുഷ്യത്വപരമായ പെരുമാറ്റവുമാണ് ഭരണകൂടത്തില്‍ നിന്നുണ്ടാകേണ്ടത്. ഭരണകൂടമോ അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളോ മാത്രമല്ല, മൊത്തം ജനതയാണ് പാകിസ്താന്റെ കടന്നുകയറ്റത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കേണ്ടത്. അതിന് എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന സമീപനം വേണം. എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു ശ്വസിക്കാനുള്ള അവസരമൊരുക്കണം.
1997ല്‍ തങ്ങള്‍ക്കു ബ്രിട്ടിഷ് ഭരണകൂടം കൈയില്‍ വച്ചു തന്ന ഹോങ്കോങ്ങിനെ പൂര്‍ണമായും വിഴുങ്ങാമായിരുന്നു ചൈനയ്ക്ക്. അതിന് ഒരു ഘട്ടത്തില്‍ അവര്‍ ശ്രമിച്ചതുമാണ്. എന്നാല്‍, ജനങ്ങളുടെ മനസ്സറിഞ്ഞ് ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ ആ രാജ്യം തയ്യാറായി. അതിനാല്‍ത്തന്നെ ഹോങ്കോങ്ങില്‍ ഇനി വിധ്വംസകശക്തികളെ തടഞ്ഞുനിര്‍ത്താന്‍ അവിടത്തെ ജനത തന്നെ തയ്യാറാകുമെന്നുറപ്പ്. സംയമനവും പരിഗണനയുമാണ് ഏറ്റവും വലിയ നന്മ. അതാണ് ഇപ്പോള്‍ ഹോങ്കോങ്ങില്‍ ഒരു പരിധിവരെയെങ്കിലും സംഭവിച്ചിരിക്കുന്നത്. ഈ പാഠം കശ്മിരിന്റെ കാര്യത്തിലും സംഭവിക്കേണ്ടതുണ്ട്. ഹോങ്കോങ്ങിലെ ചൈനയുടെ നിലപാട് ഇന്ത്യക്കു പാഠമായിത്തീരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."