കര്‍ശന വ്യവസ്ഥയോടെ മാതാവിനെ കാണാന്‍ മഅ്ദനിക്ക് അനുമതി
ബംഗളൂരു: അര്‍ബുദ ബാധിതയായ മാതാവിനെ സന്ദര്‍ശിക്കാന്‍ പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് കോടതി അനുമതി നല്കി. സ്വന്തം ചെലവില്‍ പോകാനുള്ള അനുമതിയാണ് കോടതി നല്‍കിയത്. ബംഗളൂരു സ്ഫോടന കേസില്‍ സുപ്രിംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിക്ക് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. രണ്ടാഴ്ചക്കുള്ള അനുമതിയായിരുന്നു തേടിയതെങ്കിലും എട്ടു ദിവസമാണ് കോടതി അനുവദിച്ചത്.
പാര്‍ട്ടി നേതാക്കളുമായോ പ്രവര്‍ത്തകരുമായോ കൂടിക്കാഴ്ച പാടില്ല, മാധ്യമങ്ങളെ കാണാന്‍ പാടില്ല, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ കര്‍ശന നിബന്ധനകളോടെയാണ് കോടതി അനുമതി നല്‍കിയത്. കൊല്ലം അന്‍വാര്‍ശേരിയിലേക്കുള്ള മഅ്ദനിയുടെ യാത്ര സംബന്ധിച്ച സജ്ജീകരണങ്ങള്‍ക്ക് ബംഗളൂരു സിറ്റി പൊലിസ് കമ്മിഷണറെ ചുമതലപ്പെടുത്തി. കമ്മിഷണര്‍ നല്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ യാത്രാചെലവ് കണക്കാക്കിയ ശേഷമേ യാത്ര എപ്പോഴാണെന്ന് തീരുമാനിക്കൂ.
അതേസമയം, പ്രവര്‍ത്തകരുമായി സംസാരിക്കാനോ കൂടിക്കാഴ്ച നടത്താനോ പാടില്ലെന്ന കോടതി വ്യവസ്ഥയെ എതിര്‍ത്ത് മഅ്ദനിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനാല്‍തന്നെ യാത്രയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."