'പാഠപുസ്തകങ്ങളില്‍ ഇടത് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം'
കോഴിക്കോട്: സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഇടത് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതായി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം സി.പി ചെറിയ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്‍പതാം തരത്തിലെ 20 പുസ്തകങ്ങളിലും 10ാം തരത്തിലെ 20 പുസ്തകങ്ങളിലുമാണ് മാറ്റംവരുത്താന്‍ പോകുന്നത്. മലയാള പുസ്തകങ്ങളില്‍ ചില പാഠങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സാമൂഹ്യ ശാസ്ത്രത്തില്‍ ബോധപൂര്‍വമായ ചില ഒഴിവാക്കലുകള്‍ നടന്നു. ഇതിനോട് വിശദീകരണം ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയുണ്ടായില്ല. വൈദേശികാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പ് നടത്തിയ കുഞ്ഞാലി മരക്കാര്‍മാരും വേലുത്തമ്പി ദളവയും സൈനുദ്ദീന്‍ മഖ്ദൂമും പടപ്പാട്ടുകളും ഖാസി മുഹമ്മദിന്റെ കവിതയുമെല്ലാം തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നില്‍ അജന്‍ഡയുണ്ട്.
നെഹ്‌റുവിനെക്കുറിച്ചുള്ള സി.പി ശ്രീധരന്റെ പാഠത്തിനു പകരം ഇന്ത്യയെ കണ്ടെത്തലില്‍ നിന്ന് ശ്രീബുദ്ധനെപ്പറ്റിയാണ് ചേര്‍ത്തിരിക്കുന്നത്. അത് പഠിച്ചാല്‍ മതിയാകുമോ എന്നും അദ്ദേഹം ചോദിച്ചു. അടുത്ത വര്‍ഷമാണ് ഈ മാറ്റം നിലവില്‍ വരിക. തുടര്‍ന്ന് സമഗ്രമായ മാറ്റത്തിലേക്കു പോകുകയാണ്. പാഠപുസ്തകങ്ങളിലെ വിഷയം തിരഞ്ഞെടുക്കാന്‍ മാനദണ്ഡമാക്കിയത് മുഖ്യമന്ത്രിയുടെ താല്‍പര്യമാണെന്നാണ് വിശദീകരണം നല്‍കിയത്.
പാഠപുസ്തകങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ തിരുകിക്കയറ്റാനും ചരിത്ര വസ്തുതകളെ തമസ്‌ക്കരിക്കാനും ശ്രമിച്ചാല്‍ അക്കാദമിക സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി വി.കെ മൂസ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."