ഡിസ്‌കസ് ത്രോയില്‍ വീണ്ടും സ്വര്‍ണം; ജില്ലയുടെ പൊന്‍മുത്തായി സിദ്ധാര്‍ഥ്
ചെറുവത്തൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം എറിഞ്ഞെടുത്ത് കെ.സി സിദ്ധാര്‍ഥ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥ് കാസര്‍കോടിന്റെ പൊന്‍മുത്തായത്. 53.36 മീറ്റര്‍ ദൂരം എറിഞ്ഞാണ് സീനിയര്‍ വിഭാഗത്തിലെ സ്വര്‍ണ നേട്ടം. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം. ഇത്തവണ ജൂനിയര്‍ വിഭാഗത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച സിദ്ധാര്‍ഥിന്റെ സഹോദരന്‍ കെ.സി സര്‍വാന്‍ ആറാം സ്ഥാനത്തേക്ക് എത്തി മികച്ച പ്രകടനം കാഴ്ചവച്ചു.
കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്. കാടങ്കോട് നെല്ലിക്കാല്‍ ദേവസ്വം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സര്‍വാന്‍. കായിക രംഗത്ത് അച്ഛന്‍ കെ.സി ഗിരീഷിന്റെ പാതയിലാണ് ഇരുവരും. റസ്‌ലിംഗ് താരം കൂടിയായ ചെറുവത്തൂര്‍ മയ്യിച്ചയിലെ ഗിരീഷ് ഏഴുതവണ തുടര്‍ച്ചയായി സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ ഡിസ്‌കസ് ത്രോ ചാംപ്യനായിരുന്നു. അച്ഛന്‍ തന്നെയാണ് ഇരുവരുടെയും പരിശീലകനും.
സംസ്ഥാന കായികമേള നഗരിയില്‍ നിന്നു വിജയവാര്‍ത്ത അറിഞ്ഞതോടെ മയ്യിച്ച ഗ്രാമവും ആഹ്‌ളാദത്തിലാണ്. 2014ല്‍ നൂറുമീറ്ററിലെ വിജയത്തിലൂടെ ജ്യോതിപ്രസാദ് നേടിയ സ്വര്‍ണമായിരുന്നു സമീപകാലത്ത് ജില്ലകൈവരിച്ച സുവര്‍ണ നേട്ടം.
തൊട്ടടുത്ത കായികമേളയില്‍ ജില്ല 'സംപൂജ്യ'രായി മടങ്ങി.എന്നാല്‍ തേഞ്ഞിപ്പാലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വെള്ളി മേഡല്‍ നേടിയ തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ഡോണാ ജോയി ജില്ലയ്ക്ക് അഭിമാനമായിരുന്നു. കോട്ടയം മീറ്റിലും ഇപ്പോള്‍ തിരുവനന്തപുരത്തും സുവര്‍ണതാരമായി മാറിയ സിദ്ധാര്‍ഥിനുവലിയ സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് ജന്മനാടും മാതൃവിദ്യാലയവും.
ഇനി ഷോട്ട് പുട്ടില്‍ കൂടി സിദ്ധാര്‍ഥിന് മത്സരിക്കാനുണ്ട്. സ്‌കൂള്‍ കായികാധ്യാപകന്‍ കെ. മധുസൂദനും സിദ്ധാര്‍ഥിന് പൂര്‍ണപിന്തുണ നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."