ചെര്‍ക്കളം-പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണം; ജനനേതാക്കളുടെ വിയോഗം പൊതുസമൂഹത്തിന് തീരാനഷ്ടം: ഉമ്മന്‍ചാണ്ടി
കാസര്‍കോട്: ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ച ചെര്‍ക്കളം അബ്ദുല്ലയുടെയും പി.ബി അബ്ദുല്‍ റസാഖിന്റെയും വിയോഗം പൊതുസമൂഹത്തിന്റെയാകെ തീരാനഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല-പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെര്‍ക്കളത്തിന്റെയും അബ്ദുല്‍ റസാഖിന്റെയും വിയോഗം അവര്‍ നേതൃത്വം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിം ലീഗിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെയാകെ നഷ്ടമാണ്. കാസര്‍കോട് ജില്ലയുടെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രഭാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി കാസര്‍കോട് വികസന പാക്കേജ് പ്രഖ്യാപിപ്പിക്കുന്നതിനും ഇരുനേതാക്കളും വഹിച്ച പങ്ക് ചെറുതല്ല. ജനകീയ പ്രശ്‌നങ്ങളില്‍ കാണിക്കുന്ന ആത്മാര്‍ഥതയാണ് ചെര്‍ക്കളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തദ്ദേശഭരണ മന്ത്രിയായിരിക്കെ ചെര്‍ക്കളം നടത്തിയ നിയമനിര്‍മാണവും പരിഷ്‌കരണവും രാജ്യത്തിനുതന്നെ മാതൃകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം എത്തിക്കുന്നതിനു ചെര്‍ക്കളവും പി.ബി അബ്ദുല്‍ റസാഖും നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. സാധാരണ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതുവരെ വിശ്രമമില്ലാത്ത നേതാവായിരുന്നു പി.ബി അബ്ദുല്‍ റസാഖെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷനായി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, യു.ഡി.എഫ് നേതാക്കളായ പി.എ അഷ്‌റഫലി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പ്രൊഫ. ഖാദര്‍ മാങ്ങാട്, അനീഷ് നമ്പ്യാര്‍, അബ്രഹാം കുന്നക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."