നിഷാദിന്റെ തിരോധാനം: പൊലിസ് ബംഗളൂരുവില്‍
കൂത്തുപറമ്പ്: മമ്പറം പറമ്പായിയിലെ പി. നിഷാദിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട് പൊലിസ് ബംഗളൂരുവിലേക്ക് തിരിക്കും. 2012 ഒക്ടോബര്‍ 21 മുതലായിരുന്നു സ്വകാര്യ ബസ് ഡ്രൈവര്‍ ആയ നിഷാദിനെ കാണാതായത്. ലോക്കല്‍ പൊലിസ് അന്വേഷണം ആരംഭിച്ച് രണ്ടുമാസം പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. എന്നാല്‍ ഒരാഴ്ച മുന്‍പ് ബംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായ പറമ്പായിയിലെ സലീം ചോദ്യംചെയ്യലില്‍ 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രകാരം നിഷാദിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയതോടെയാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടായത്.
പ്രദേശത്തെ ഒരു സ്ത്രീയുമായി നിഷാദിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നിഷാദിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ബംഗളൂരു പൊലിസില്‍നിന്ന് സലീമിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും തെളിവെടുപ്പ് നടത്താനും മറ്റുമുള്ള നടപടികള്‍ നിലവില്‍ നിഷാദ് തിരോധാന കേസന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് വിഭാഗം ആരംഭിച്ചതായാണു വിവരം.
നിഷാദിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ലഭിച്ചതു ഗള്‍ഫില്‍ നിന്നുമാണെന്നു സലീം ബംഗളൂരു പൊലിസിന് മൊഴി നല്‍കിയതായും സൂചനയുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി യു. പ്രേമന്റെ നിര്‍ദേശപ്രകാരം സി.ഐ സനല്‍കുമാറാണ് കര്‍ണാടകയിലേക്ക് തിരിച്ചിട്ടുള്ളത്. അതേസമയം ഇന്ന് ജില്ലയിലെത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് നിഷാദിന്റെ തിരോധാനം സംബന്ധിച്ച് പരാതി നല്‍കും. കേസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി നിവേദനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."