ഇരിക്കൂര്‍ പഞ്ചായത്ത് ഭരണസമിതി; ലീഗ് അംഗങ്ങള്‍ തമ്മില്‍ മത്സരം
ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ പരസ്പരം മത്സരിച്ചു. നിലവില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കെ.ടി അനസിനെ പാര്‍ട്ടി നിര്‍ദേശ പ്രകാരം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു ഒഴിവുവന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം വോട്ടെടുപ്പ് നടത്താന്‍ ഉത്തരവായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ ചെയര്‍പേഴ്‌സനും രാജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലാണ് ലീഗ് ഭരണസമിതിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ രണ്ട് ലീഗ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് പ്രതിനിധിയുമടക്കം മൂന്നംഗങ്ങളാണുള്ളത്. ലീഗിലെ സി.വി.എന്‍ യാസിറ, കെ.ആര്‍ അശ്‌റഫ് എന്നിവരും കോണ്‍ഗ്രസിലെ കെ.ആര്‍ അബ്ദുല്‍ ഖാദറുമായിരുന്നു ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാനായി പത്രിക നല്‍കിയത്. വോട്ടെണ്ണിയപ്പോള്‍ സി.വി.എന്‍ യാസിറക്കും കെ.ആര്‍ അശ്‌റഫിനും ഓരോ വോട്ടുകിട്ടി തുല്യത നേടി. കോണ്‍ഗ്രസിലെ കെ.ആര്‍ അബ്ദുല്‍ ഖാദറിന്റെ വോട്ട് അസാധുവാകുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലൂടെ ചെയര്‍മാനായി സി.വി.എന്‍ യാസിറയെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി നസീറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ലീഗ് ഒറ്റക്ക് ഭരിക്കുന്ന പഞ്ചായത്താണ് ഇരിക്കൂര്‍. ഭരണസമിതിയില്‍ പതിമൂന്നില്‍ എട്ട് സീറ്റും മുസ്‌ലിം ലീഗിനാണ് ലഭിച്ചത്. ഇതിനിടെയാണ് ലീഗ് അംഗങ്ങള്‍ ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി പാര്‍ട്ടി തീരുമാനം ലംഘിച്ച് മത്സരിച്ചത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാര്‍ട്ടി തീരുമാനം ലംഘിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്ത വ്യക്തിക്കെതിരേ നടപടി എടുക്കുമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് നേതാവ് കെ.പി അബ്ദുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."