ഞാറുനടാന്‍ മന്ത്രിയെത്തി ; നൂറുമേനിക്ക് കീഴമ്മാകം ഒരുങ്ങി
തിരുവനന്തപുരം : തൂവെള്ള മുണ്ട് മടക്കി കുത്തി തലയില്‍ കൂമ്പാളതൊപ്പിവെച്ച് പാളവട്ടിയില്‍ ഞാറുമായി സഹകരണ ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കീഴമ്മാകം പാടത്തേക്കിറങ്ങിയപ്പോള്‍ തന്നെ ചുറ്റില്‍ നിന്നും ആവേശത്തിന്റെ ആരവമുയര്‍ന്നു.
ചളിയും വെള്ളവും വകവെയ്ക്കാതെ അദ്ദേഹം ഞാറുകള്‍ മണ്ണിലേക്ക് പതിയെ താഴ്ത്തിവെച്ചപ്പോള്‍ ചുറ്റുപാടുനിന്നും ആരവമുയര്‍ന്നു. അറുപതേക്കറില്‍ മുടങ്ങാതെ നൂറുമേനി വിളയിക്കുന്ന കീഴമ്മാകത്തെ നടീല്‍ ഉത്സവം അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമാക്കി മാറ്റുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വലിയ പാടശേഖരങ്ങളിലൊന്നായ പാറശ്ശാല മരിയാപുരത്തെ കീഴമ്മാകത്ത് ഞാറു നടാന്‍ മന്ത്രിക്കൊപ്പം ഒരു നാട് തന്നെ ഉണര്‍ന്നെത്തുകയായിരുന്നു. കെ ആന്‍സലന്‍ എം.എല്‍.എയും പാറശ്ശാല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സലൂജയും, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജനും,കവി മുരുകന്‍കാട്ടാക്കടയും,ഡോ ബിജു ബാലകൃഷ്ണനും അദ്ദേഹത്തിനൊപ്പം ഞാറു നടാനിറങ്ങി.
കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും ഉയര്‍ച്ച സര്‍ക്കാരിന്റെ പ്രധാനലക്ഷ്യമാണെന്ന് പാറശ്ശാലബ്‌ളോക്ക് പഞ്ചായത്തും കൃഷിവകുപ്പും കീഴമ്മാകം പടശേഖരസമിതിയും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റടി 2017 നടീല്‍ ഉല്‍സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി കൃഷിക്കെതിരേയുണ്ടായ വ്യാജപ്രചാരണങ്ങള്‍ കൃഷിക്കാരനെ കൃഷിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കാരണമായി. എന്നാല്‍ കാര്‍ഷിക ംഗത്ത് ഈയിടെയുണ്ടായ ഉണര്‍വ് പുതിയ കൃഷിയിടങ്ങള്‍ ഉയര്‍ന്നു വരുന്നതിന് കാരണമായി.
കൃഷിയിലേക്കുള്ള മടക്കയാത്ര ഒരു തീര്‍ത്ഥയാത്രപോലെ നടത്തേണ്ടതാണെന്നും അത് മനസ്സിലാക്കിയാണ് ഹരിതകേരളം മിഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു. അറുപത് ഏക്കര്‍ വരുന്ന കീഴമ്മാടം പാടശേഖരസമിതിയില്‍ 95 കൃഷിക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അത്യുല്‍പാദനശേഷിയുള്ള ഉമ വിത്തിനമാണ് നടീലിന് ഉപയോഗിച്ചിരിക്കുന്നത്. കൃഷിവകുപ്പാണ് നടീലിന് ആവശ്യമുള്ള വസ്തുക്കള്‍ പാടശേഖര സമിതിക്ക് ലഭ്യമാക്കുന്നത്. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൊയ്ത കര്‍ഷകരുടെ മക്കളെ മന്ത്രി അനുമോദിച്ചു.
പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ എ ജെ ദീപിക, ഡി പാര്‍വതി ,എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിജിത് വി എന്നിവരെയാണ് അനുമോദിച്ചത്.
ഉദ്ഘാടനശേഷം കര്‍ഷകര്‍ ഒരുക്കിയ കപ്പയും ചമ്മന്തിയും കട്ടന്‍ചായയും പാടവരമ്പത്തു തന്നെ നിന്ന് കഴിച്ച ശേഷമാണ് മന്ത്രി യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."