പഴശ്ശി പുഴയില്‍ ജലനിരപ്പ് താഴുന്നു
ഇരിട്ടി: മഴ കുറഞ്ഞ് പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെ പഴശ്ശി ഡാമിന്റെ ഷട്ടര്‍ പൂര്‍ണമായും അടച്ച് ജലസംഭരണിയില്‍ പരമാവധി വെള്ളം സംഭരിക്കാന്‍ നിര്‍ദേശം. ജില്ല കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കു നീങ്ങുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഷട്ടര്‍ പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചത്.
സാധാരണ നിലയില്‍ ഒക്ടോബര്‍ ആദ്യവാരം തന്നെ പഴശ്ശി ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാറുണ്ടെങ്കിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭകളിലേക്കുള്ള കുടിവെള്ള വിതരണത്തിനായി പഴശ്ശി ഡാമിനോട് ചേര്‍ന്ന് പുതുതായി നിര്‍മിക്കുന്ന കിണറിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാലാണ് ഷട്ടര്‍ താഴ്ത്താന്‍ വൈകിയത്.
ഇരിട്ടി പാലം നിര്‍മാണ പ്രവൃത്തിയും ഷട്ടറടയ്ക്കുന്നതിന് കാലതാമസമുണ്ടാക്കിയിരുന്നു.
ഇനിയും വെള്ളം സംഭരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് എത്തുമെന്ന ഘട്ടത്തിലാണ് നവംബര്‍ പകുതിയോടെ പഴശ്ശി ഷട്ടറിട്ട് ജലം സംഭരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
തുലാവര്‍ഷം ശരാശരി അളവില്‍ ലഭിച്ചില്ലെങ്കില്‍ നീരൊഴുക്ക് ആശങ്കാജനകമായി ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിലയിരുത്തല്‍. ജില്ലയിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളിലെ ലക്ഷകണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പഴശ്ശി പുഴയിലെ വെള്ളമാണ്.
കഴിഞ്ഞ മഹാപ്രളയത്തിന്റെ ഭാഗമായി 27.50 സംഭരണ ശേഷിയുള്ള പഴശ്ശി ഡാമിന്റെ 16 ഷട്ടറുകളും തുറന്നുവിട്ട് വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിയിരുന്നു.
തുടര്‍ന്ന് നീരൊഴുക്ക് കുറഞ്ഞതോടെ 13 ഷട്ടറുകള്‍ അടച്ചിരുന്നെങ്കിലും ദിനംപ്രതി പുഴയിലെ ജലസമ്പത്ത് കുറയുന്ന അവസ്ഥയാണ്. 1550 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ സംഭരണിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."