കുടുംബശ്രീ പദ്ധതിയ്ക്ക് അകാല ചരമം
മലയിന്‍കീഴ്: കോടികള്‍ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ചെറുകിട പദ്ധതിയ്ക്ക് അകാല ചരമം.
അതിനായി വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. പ്യൂപ്പിള്‍ എന്നാണ് പദ്ധതി അറിയപ്പെടുന്നത്. 2010 ല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ വഴി പദ്ധതി നടപ്പിലാക്കിയത്.
അരി, ഗോതമ്പ്, മുളക്, മല്ലി തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ പൊടിച്ച് പായ്ക്കറ്റുകളിലാക്കി വില്‍പ്പന, വിവിധയിനം അച്ചാറുകളുടെ നിര്‍മാണം, ബാഗ്, പേപ്പര്‍ ബാഗ് നിര്‍മാണം എന്നിങ്ങനെ പലതരം ചെറുകിട യൂനിറ്റുകള്‍ ജില്ലയിലെ പല പഞ്ചായത്തുകളിലായി ആരംഭിച്ചു.
പത്തുമുതല്‍ പതിനഞ്ചുപേര്‍ വരെയുള്ള സ്ത്രീകളുടെ ഗ്രൂപ്പുകള്‍ക്കാണ് യൂണിറ്റ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരുന്നത്. കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് അതതു പഞ്ചായത്തുകള്‍ സംരംഭകരെ തെരഞ്ഞെടുത്തത്.
വിപണി കണ്ടെത്തുന്നതിനു മുന്‍പ് ഉല്‍പാദനം ആരംഭിച്ചതോടെ കുടുംബശ്രീയുടെ പ്യൂപ്പിള്‍ യൂനിറ്റുകളില്‍ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി.
ജില്ലാ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തില്‍ ഒരു മാര്‍ക്കറ്റിംങ് ഏജന്‍സി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിപണനം നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത്‌നടപ്പായിട്ടില്ല .
പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് പ്യൂപ്പിള്‍ യൂനിറ്റുകള്‍ക്ക് പൂട്ടുവീണു. യൂനിറ്റുകള്‍ അടച്ചുപൂട്ടുകയോ സംരംഭകര്‍ പിരിഞ്ഞു പോവുകയോ ചെയ്യുമ്പോള്‍ ഗുണഭോക്തൃ വിഹിതം തിരിച്ചുനല്‍കുമെന്നതായിരുന്നു വാഗ്ദാനം.
പല പഞ്ചായത്തുകളിലെയും വനിതകള്‍ തങ്ങളുടെ നിക്ഷേപ തുകയ്ക്കായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ്.
പ്യൂപ്പിള്‍ യൂനിറ്റുകള്‍ക്കായി ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് കോടികള്‍ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങള്‍ ഇന്ന് തുരുമ്പെടുത്ത് നശിക്കുന്നു.
അഴിമതിയുണ്ടെന്ന് ആരോപണം വന്നതിനെ തുടര്‍ന്ന് സംസ്ഥാന ധനകാര്യ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇതിന്റെ ഫയലുകള്‍ ശേഖരിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."