വര്‍ക്കല സഹകരണ ബാങ്കിലെ ഒഴിവുകള്‍ നികത്തുന്നതില്‍ തിരിമറിയെന്ന് പരാതി
വര്‍ക്കല: സര്‍വിസ് സഹകരണ ബാങ്കില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനത്തില്‍ ക്രമക്കേടും തിരിമറിയുമെന്ന് പരാതി. നിലവില്‍ അറ്റന്റര്‍ തസ്തികയില്‍ ജനറര്‍ വിഭാഗത്തിലും പ്യൂണ്‍ വിഭാഗത്തില്‍ ജനറല്‍, പട്ടികജാതിപട്ടിക വിഭാഗങ്ങളിലായി ഓരോന്നും വീതം ഒഴിവുമാണുള്ളത്. ഇതിലേക്ക് നിയമനം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 13ന് പത്രപരസ്യങ്ങളിലൂടെ ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സഹകരണ ചട്ടം അനുസരിച്ച് 80 വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത്. എന്നാല്‍ ബാങ്ക് ഭരണസമിതി നേതൃത്വം വകുപ്പ് 50 പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വര്‍ക്കല സര്‍വിസ് സഹകരണ ബാങ്കിന്റെ ക്ലാസ് പ്രകാരം പത്തോളം ജീവനക്കാരുണ്ട്. പുതുതായി ഉണ്ടായ ഒഴിവുകളിലും ചട്ടപ്രകാരമുള്ള വികലാംഗ നിയമനം പരിഗണിച്ചിട്ടില്ല. ഇതിനെതിരേയും എതിര്‍പ്പുകള്‍ തെറ്റായി വിജ്ഞാപനം പുറപ്പെടുവിച്ചിനെതിരേയും ഇടവ സ്വദേശിയായ ബൈജു ബാബുമണി തിരുവനന്തപുരം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്കാണ് പരാതി നല്‍കി.
പരാതിയെ തുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആറ്റിങ്ങല്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ബാങ്ക് അധികൃതര്‍ ശരിയായ നടപടികള്‍ പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. സഹകരണ ചട്ടപ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചത് അര്‍ഹതയും യോഗ്യതയുമുള്ളവരെ കണ്ടെത്തി നിയമനം നടത്തേണ്ടതിന് പകരം ഭരണസമിതി നേതൃത്വം വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നത് അഴിമതി നടത്താനാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാലങ്ങളായി സി.പി.എം നേതൃത്വത്തിലുള്ള സമിതിയാണ് ബാങ്ക് ഭരണം നിര്‍വഹിക്കുന്നത്.
നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായ സമയത്ത് പുതിയ നിയമനങ്ങളില്‍ കോഴവാങ്ങി ഒഴിവുകള്‍ നികത്താനാണ് ഭരണസമിതി നേതൃത്വം വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നതെന്നും വിജ്ഞാപനത്തില്‍ ബോധപൂര്‍വമുണ്ടാക്കിയ പിഴവ് മൂലം കേസ് നടത്തിപ്പിന് വലിയ തുക ചെലവിടേണ്ട സാഹചര്യമുണ്ടാക്കിയതായും സി.പി.എമ്മില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
ഏതായാലും വിഷയം പൊതുജനമധ്യത്തിലായതോടെ ഭരണസമിതി നേതൃത്വവും വര്‍ക്കലയിലെ സി.പി.എം നേതൃത്വവും വിയര്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."