വഖ്ഫ് തെരഞ്ഞെടുപ്പ് ചട്ടം ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം: കെ.പി.എ മജീദ്
കോഴിക്കോട്: കേന്ദ്ര വഖ്ഫ് നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വഖ്ഫ് ചട്ടം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രണ്ടു തവണ വഖ്ഫ് ബോര്‍ഡ് അംഗമായവര്‍ക്ക് വീണ്ടും തെരഞ്ഞെടുപ്പിലൂടെയോ നാമനിര്‍ദേശത്തിലൂടെയോ അംഗമാകാന്‍ സാധിക്കില്ലെന്ന കേരള സര്‍ക്കാരിന്റെ വഖ്ഫ് ചട്ടത്തിലെ 58 (7) വകുപ്പാണ് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
കേന്ദ്ര വഖ്ഫ് നിയമത്തിന് വിരുദ്ധമായി വഖ്ഫ് ബോര്‍ഡിലെ തെരഞ്ഞെടുപ്പ് രംഗത്തെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ പുതിയ വകുപ്പുകള്‍ എഴുതിച്ചേര്‍ത്തത്. വഖ്ഫ് ബോര്‍ഡിലെ നിലവിലെ അംഗങ്ങളായ മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവരാണ് ഈ രാഷ്ട്രീയ പ്രേരിത നീക്കം കോടതിയില്‍ ചോദ്യം ചെയ്തത്.
2019 നവംബറില്‍ പുതിയ വഖ്ഫ് ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ചട്ടം അനുസരിച്ച് അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള വഖ്ഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തിയ നീക്കമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
കേന്ദ്ര വഖ്ഫ് നിയമത്തില്‍ പ്രഖ്യാപിച്ച അയോഗ്യതകള്‍ക്ക് പകരം പുതിയ അയോഗ്യത സംസ്ഥാന വഖ്ഫ് ചട്ടത്തില്‍ എഴുതിച്ചേര്‍ത്തത് നിയമനിര്‍മാണ അധികാര പരിധിയുടെ ലംഘനം കൂടിയാണെന്ന് കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി. സംസ്ഥാന വഖ്ഫ് ബോര്‍ഡിനെ സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് കോടതിയില്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."