കുട്ടികള്‍ക്ക് നിര്‍ബന്ധമായും പ്രതിരോധ വാക്‌സിനുകള്‍ നല്‍കണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഇതിലൂടെ പലവിധ മാരക രോഗങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം നല്‍കിയാല്‍ രോഗപ്രതിരോധം സാധ്യമാകും. പോളിയോ, ക്ഷയം, ഹെപ്പറ്ററ്റിസ് ബി, ഡിഫ്റ്റീരിയ, വില്ലന്‍ ചുമ, മീസില്‍സ്, റൂബെല്ല തുടങ്ങിയവ വാക്‌സിന്‍ നല്‍കിയതിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിട്ടയായ പരിപാടികളിലൂടെ കേരളത്തില്‍നിന്നും പോളിയോ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് വയറിളക്ക രോഗങ്ങള്‍ തടയാനായി റോട്ട വൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയില്‍ റോട്ടാവൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങളില്‍ വയറിളക്കം ഉണ്ടാക്കുന്നതിന് ഒരു കാരണം റോട്ട വൈറസാണ്. ഇന്ത്യയില്‍ വയറിളക്കം കാരണം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും റോട്ടാവൈറസ് മൂലമുള്ള വയറിളക്കം ബാധിച്ചവരാണ്.
വയറിളക്കം കാരണം നിര്‍ജ്ജലീകരണം ഉണ്ടാവുകയും ശരിയായ പരിചരണം സമയോജിതമായി നല്‍കിയില്ലെങ്കില്‍ മരണത്തിനുവരെ കാരണമാവുകയും ചെയ്യുന്നു. അതിനാലാണ് കേരളത്തിലും കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ മരുന്നുകളില്‍ റോട്ട വൈറസ് വാക്‌സിന്‍ ഉള്‍പ്പെടുത്തുന്നത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."