സഹോദരന്‍ ദീപക് ജയലളിതയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ദീപ
ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ വധിക്കാന്‍ സഹോദരന്‍ ദീപക് ഗൂഡാലോചന നടത്തിയതായി സഹോദരിയും എം.ജി.ആര്‍. അമ്മ ദീപ പേരവൈ നേതാവുമായ ദീപ ജയകുമാര്‍. ഇന്നലെ ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തിയ ദീപയെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതോടെയാണ് ജയലളിതയെ വധിക്കാന്‍ ദീപകും ശശികലയും ഗൂഡാലോചന നടത്തിയതായ ആരോപണം ദീപ ഉന്നയിച്ചത്.
രാവിലെ 11 ഓടെ അവര്‍ പോയസ് ഗാര്‍ഡനിലെത്തിയതോടെ നാടകീയ മുഹൂര്‍ത്തങ്ങളാണ് ഇവിടെ അരങ്ങേറിയത്.ഇവര്‍ എത്തുന്ന വിവരമറിഞ്ഞ് വസതിക്കു മുന്നില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഭര്‍ത്താവ് മാധവനൊപ്പം എത്തിയ ദീപയെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. അണ്ണാ ഡി.എം.കെയുടെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ശശികലയുടെ കുടുംബാംഗങ്ങള്‍ തന്നെ തടഞ്ഞതായി ദീപ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
തന്റെ സഹോദരന്‍ ദീപക് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പോയസ് ഗാര്‍ഡനിലെ വസതിയിലേക്ക് എത്തിയതെന്നും എന്നാല്‍ പിന്നീട് തന്നെ ഇവിടെ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്നും ദീപ ആരോപിച്ചു. ദീപയും സഹോദരനും തമ്മില്‍ പോയസ് ഗാര്‍ഡന്‍ പരിസരത്ത് വച്ച് വാക്കേറ്റമുണ്ടായതായും ഉന്തുതള്ളും നടന്നതായും അണ്ണാ ഡി.എം.കെ നേതാക്കളില്‍ ചിലര്‍ പറഞ്ഞു.
ദീപയുടെ പോയസ് ഗാര്‍ഡന്‍ സന്ദര്‍ശനം മുന്‍കൂട്ടി അറിയിച്ചുള്ളതായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് ദീപ എത്തിയതെന്നാണ് അണ്ണാ ഡി.എം.കെ പറഞ്ഞത്. ജയലളിതയുടെ ചിത്രത്തില്‍ മാല അര്‍പ്പിക്കണമെന്ന ദീപയുടെ ആവശ്യം അനുവദിച്ചെങ്കിലും അകത്തേക്കുള്ള പ്രവേശനം അണ്ണാ ഡി.എം.കെ അംഗങ്ങള്‍ തടഞ്ഞു. ഇതിനിടയില്‍ സഹോദരന്‍ ദീപക് സ്ഥലത്തെത്തുകയും ദീപയുമായി വാക്കുതര്‍ക്കമുണ്ടായതായും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."