കേരളം തലവേദന; ഡല്‍ഹിയിലെ യോഗം അമിത്ഷാ മാറ്റിവച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘടനാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി നിശ്ചയിച്ചിരുന്ന യോഗം കേരളത്തിലെയും പശ്ചിമബംഗാളിലെയും പ്രശ്‌നങ്ങളുടെ പേരില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മാറ്റിവച്ചു.
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പിയെ പൊതു തെരഞ്ഞെടുപ്പിന് സജ്ജമാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗാമായി ഈ മാസം 14, 15 തിയതികളില്‍ പ്രധാന നേതാക്കളുടെ യോഗവും പ്രവര്‍ത്തന വിശകലനവും നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തിലും ബംഗാളിലും കൂടുതല്‍ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ഭാഗമായി ഈ യോഗം മാറ്റുകയായിരുന്നു.
ബി.ജെ.പിക്ക് ഒട്ടും സ്വാധീനമില്ലാത്ത കേരളം, ബംഗാള്‍, ത്രിപുര പോലുള്ള സംസ്ഥാനങ്ങളില്‍ എന്തുവിലകൊടുത്തും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാനായി കഴിഞ്ഞയാഴ്ച സംസ്ഥാനത്ത്ത്രിദിന സന്ദര്‍ശനം നടത്തിയ അമിത്ഷായുടെ നീക്കങ്ങളെല്ലാം പാളുകയായിരുന്നു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാപ്രവര്‍ത്തകര്‍ ആക്രമിച്ചതോടെ കേരളത്തില്‍ വീണ്ടും സി.പി.എം- ബി.ജെ.പി സംഘര്‍ഷം രൂക്ഷമായി. ഇതോടെയാണ് കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അമിത്ഷാ തീരുമാനിച്ചത്.
ബംഗാളില്‍ സി.പി.എമ്മിന്റെ അടിത്തറ തകര്‍ന്നിട്ടും പ്രതീക്ഷിച്ച നേട്ടം ബി.ജെ.പിക്കു കൈവരിക്കാനായിട്ടില്ലെന്നതാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. സി.പി.എമ്മില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താനായില്ലെന്ന് വിലയിരുത്തിയ നേതൃത്വം ഹിന്ദുത്വവോട്ടുകള്‍ ഏകീകരിക്കാനാണ് നീക്കം നടത്തുന്നത്.
ഈ സാഹചര്യത്തില്‍ രണ്ടുസംസ്ഥാനങ്ങളും വീണ്ടും സന്ദര്‍ശിക്കാനും പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാനുമാണ് തീരുമാനം. കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിക്കാനുള്ള നീക്കവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."